ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് കേരളവും തമിഴ്നാടും അവസാനിപ്പിക്കണമെന്നും മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിടണോ വേണ്ടയോ എന്ന് മേല്‍നോട്ട സമിതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി. വിഷയത്തില്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം ഇതോടെ സുപ്രീംകോടതി തള്ളി. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നതിന് എതിരെയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല.
ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ ആദ്യം മേല്‍നോട്ട സമിതിയിയെയാണ് സമീപിക്കേണ്ടത്. എപ്പോള്‍ വെള്ളം തുറന്നുവിടണം, എത്ര തുറന്നുവിടണമെന്ന് തീരുമാനിക്കേണ്ടത് മേല്‍നോട്ട സമിതിയില്ലേയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയെ അറിയിക്കൂ. സമിതി ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ അംഗത്തിന്റെ കൂടി പരാജയമാണെന്നും കോടതി അറിയിച്ചു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം അംഗത്തെ കുറ്റപ്പെടുത്തുവെന്നും കോടതി പറഞ്ഞു. ഇത്തരം ആവശ്യങ്ങളുമായി നിരന്തരം സുപ്രീംകോടതിയില്‍ എത്തരുതെന്നും ജസ്റ്റിസ് എ എം ഖാന്‍വിള്‍ക്കര്‍ ശകാരിച്ചു.