ദില്ലി: വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരായ മുൻ അന്വേഷണ ഉദ്യോഗസ്ഥന്‍ എം ജെ സോജന്‍റെ പരാമർശത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. പരാമർശം ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള മതിയായ കാരണമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വാക്കാല്‍ നിരീക്ഷിച്ചു. എം ജെ സോജന്‍ അറിഞ്ഞുകൊണ്ട് നടത്തിയ പരാമര്‍ശമെങ്കില്‍ ഗുരുതര കുറ്റമാണ്. അപകീർത്തികരമായ പരാമർശം പ്രക്ഷേപണം ചെയ്ത വാർത്താ ചാനലും ചെയ്തത് തെറ്റാണ്.
എന്തുകൊണ്ട് ആ മാധ്യമത്തിനെതിരെ കേസ് എടുത്തില്ലെന്നും കോടതി ചോദിച്ചു. ഈ വാർത്ത ഇപ്പോഴും ഇന്റർനെറ്റില്‍ ഉണ്ടോ എന്നും ബെഞ്ച് ആരാഞ്ഞു. കേസില്‍ സംസ്ഥാന സർക്കാരിന്റെ മറുപടി തേടിയ കോടതി എം ജെ സോജനും സർക്കാരിനും നോട്ടീസ് അയച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്കെതിരായ പരാമർശത്തില്‍ സോജനെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയാണ് സുപ്രീംകോടതിയില്‍ എത്തിയത്.
ജനുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും, പെണ്‍കുട്ടികളുടെ അമ്മയ്ക്കായി മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്ത്, അഭിഭാഷകൻ എം എഫ് ഫിലിപ്പ്, പൂർണ്ണിമ കൃഷ്ണ എന്നിവർ ഹാജരായി.