തൃശൂർ : തിരഞ്ഞെടുപ്പ് പ്രചാരണ സന്ദർശനത്തിനിടെ ആളുകുറഞ്ഞതിന് പാർട്ടി പ്രവർത്തകരോട് ക്ഷുഭിതനായി ബി.ജെ.പി നേതാവ് സുരേഷ് ഗോപി. സന്ദർശത്തിനെത്തിയ സ്ഥലത്ത് പാർട്ടി പ്രവർത്തകരുടെ എണ്ണം കുറഞ്ഞതോടെ അദ്ദേഹം സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി. ശാസ്താംപൂവ് ആദിവാസി കോളനിയിലെ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. കോളനിയിലെത്തിയപ്പോള്‍ പ്രദേശത്ത് ആളുകളുടെ എണ്ണം കുറവായിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം ക്ഷുഭിതനാക്കിയത്.
കൂടാതെ, 25 പേരെ വോട്ടർ പട്ടികയില്‍ ചേർത്തിട്ടില്ലെന്ന വിവരം അറിഞ്ഞതോടെ അദ്ദേഹം വീണ്ടും ദേഷ്യപ്പെട്ടു.
സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് അദ്ദേഹം ചോദിച്ചു. നോമിനേഷൻ നല്‍കിയിട്ടില്ലെന്നും താൻ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇതോടെ, ഇന്നുതന്നെ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേർക്കാമെന്ന് പറഞ്ഞ് പ്രവർത്തകർ സുരേഷ് ഗോപിയെ അനുനയിപ്പിക്കുകയായിരുന്നു. എന്താണ് ബൂത്തിന്റെ ജോലി. എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കില്‍ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ടേ. നമ്മള് യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മള് അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കില്‍ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം’, സുരേഷ് ഗോപി പറഞ്ഞു