ഡൽഹി : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിർദ്ദേശം നൽകി. 4 ദിവസം ഓഫീസിലെത്താനും മണ്ഡല സന്ദർശനം തുടരാനുമാണ് നിർദേശം. അനുമതി ലഭിക്കാതെ ഏറ്റെടുത്ത സിനിമകളുമായി സുരേഷ് ഗോപിക്ക് മുന്നോട്ടുപോകാനാകില്ല. 22 സിനിമകളില്‍ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞെന്നും സുരേഷ് ഗോപി തന്നെ ഒരു വേദിയില്‍ പ്രസംഗിച്ചിരുന്നു. താടിയെടുത്ത സുരേഷ് ഗോപിയുടെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസ്സമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന. സെപ്റ്റംബറിൽ അനുമതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ.സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങൾ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബർ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാൾ. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവർഷത്തെ പെരുന്നാൾ ദിനങ്ങളിൽ ചിത്രീകരിച്ചിരുന്നു.ഇറ്റലിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തിൽ അംഗമാണ് സുരേഷ് ഗോപി. തിരിച്ചെത്തിയാലുടൻ പാർലമെന്റ് സമ്മേളനം തുടങ്ങും. സമ്മേളനം ഡിസംബർ പകുതിയോടെയേ അവസാനിക്കൂ. അതിനാൽ,പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവർഷംകൂടി കാത്തിരിക്കണം എന്നതാണ് സ്ഥിതി. ഇതും താടി ഉപേക്ഷിക്കാൻ കാരണമായെന്ന് പറയുന്നു.