കൊച്ചി :നടൻ സുരേഷ് ഗോപിയുടെ ഇളയ മകന് മാധവ് സുരേഷ് വെള്ളിത്തിരയിലേക്ക്. സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് കണ്ടത്. സംവിധായകന് പ്രവീണ്‍ നാരായണന്, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു.മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു. മമ്മൂട്ടിയുടെ പി ആർ ഒ റോബര്‍ട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് അഭിനയിക്കുന്നത്.സുപ്രധാനകഥാപാത്രത്തെ മാധവ് അവതരിപ്പിക്കും. അനുപമ പരമേശ്വരന് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
നേരത്തെ സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. ‘അച്ഛന്റെ’ ഫൈറ്റ് സീൻ കണ്ട് സമീപത്തെ ഒരു ഫ്ളാറ്റിൽ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. എന്നാൽ ആരും തിരിച്ചറിയാതെ പോയ സീനിന്റെ മേക്കിംഗ് വീഡിയോ പിന്നീട്പുറത്തിറങ്ങിയതോടെയാണ് അത് മാധവ് ആണെന്ന് മലയാളികൾ മനസ്സിലാക്കിയത്. അതേസമയം, ‘മേ ഹും മൂസ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബ് ആണ്.