ഭോപ്പാൾ : മുൻ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന സുരേഷ് പച്ചൗരി ബിജെപിയില്‍ ചേർന്നു. ശനിയാഴ്ച രാവിലെ മുൻ എം.എല്‍.എയായ സഞ്ജയ് ശുക്ലക്കൊപ്പം ഭോപാലിലെ ബി.ജെ.പി. ഓഫീസിലെത്തിയാണ് പാർട്ടിയില്‍ അംഗത്വമെടുത്തത്. മുഖ്യമന്ത്രി മോഹൻയാദവ്, മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ എന്നിവർചേർന്ന് ഇരുവരേയും പാർട്ടിയിലേക്ക് സ്വീകരിച്ചു.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പച്ചൗരി, പി.വി. നരസിംഹറാവു, മൻമോഹൻ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. പ്രതിരോധ സഹമന്ത്രി, പേഴ്സണല്‍കാര്യ സഹമന്ത്രി, പാർലമെന്ററി കാര്യസഹമന്ത്രി സ്ഥാനങ്ങളായിരുന്നു പച്ചൗരി വഹിച്ചിരുന്നത്. നാലുതവണ രാജ്യസഭാ എം.പിയായിരുന്നു. 2008 മുതല്‍ മൂന്ന് വർഷം മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. ദിശാ ബോധമില്ലാത്ത കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ മികച്ച നേതാക്കള്‍ എല്ലാവരും അസ്വസ്ഥരാണെന്ന് ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു. കോണ്‍ഗ്രസ് നാശത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ വി.ഡി. ശർമയും പച്ചൗരിയുടെ പാർട്ടി പ്രവേശത്തെ സ്വാഗതം ചെയ്തു.