മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള ചലച്ചിത്രം ‘ആടുജീവിത’ത്തിന് ആശംസയുമായി നടൻ സൂര്യ. 14 വർഷത്തെ ആവേശമാണ് ആടുജീവിതം എന്ന സിനിമയെന്നും ചിത്രത്തിന്റെ ഗ്രാന്റ് റിലീസിന് എല്ലാവിധ ആശംസകള്‍ നേരുന്നു എന്നും സൂര്യ പറഞ്ഞു. ആടുജീവിതം ട്രെയിലർ പങ്കുവച്ചു കൊണ്ടായിരുന്നു സൂര്യയുടെ ആശംസ. ‘അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ ആവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകള്‍’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. പിന്നാലെ പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം, മുൻപ് ആടുജീവിതത്തിനായി സൂര്യയെ പരിഗണിച്ചിരുന്നുവെന്ന് ബ്ലെസി തുറന്നു പറഞ്ഞിരുന്നു. ‘സൂര്യയോട് മുൻപ് കഥ പറഞ്ഞിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരുമെന്നും അപ്പോള്‍ തന്നെ സൂചിപ്പിച്ചു. സൂര്യക്ക് കഥയും വളരെയധികം ഇഷ്ടമായി. എന്നാല്‍ ആ സമയത്ത് ശാരീരികമായി ഒരുപാട് ബുദ്ധിമുട്ട് എടുക്കാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. സമാനമായ രീതിയില്‍ ശാരീരിക മാറ്റങ്ങള്‍ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്തിരുന്നു. ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയമായിരുന്നു അത്. അതാണ് ചിത്രം ഉപേക്ഷിച്ചത്’, എന്ന് ബ്ലെസി പറഞ്ഞിരുന്നു. 2008ല്‍ ആണ് ആടുജീവിതത്തിന്റെ പ്രാരംഭ വർക്കുകള്‍ ആരംഭിച്ചത്. ഒടുവില്‍ 2018ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയാക്കി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ 28ന് ആടുജീവിതം തിയറ്ററുകളില്‍ എത്തും.