ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ട്വന്റി 20 യിൽ സൂര്യയുടെ ആഞ്ഞടിയിൽ കോഹ്ലി കൂട്ട് നിന്നപ്പോൾ ഇന്ത്യയ്ക്ക് ഉജ്വല വിജയം. മത്സരത്തിൽ ഓപ്പണർമാർ തകർന്നപ്പോഴാണ് തകർപ്പൻ അടിയുമായി കോഹ്ലിയും, സൂര്യയും ഒത്തു ചേർന്നത്. 48 പന്തിൽ നാലു സിക്സും മൂന്നു ഫോറുമാി സൂര്യയും, 36 പന്തിൽ അഞ്ചു വീതം സിക്സും ഫോറുമായി 69 റൺ നേടിയ കോഹ്ലിയും ചേർന്നാണ് ഓസീസിന്റെ കഥ കഴിച്ചത്. അവസാന ആണിയടിയ്ക്കാൻ പാണ്ഡ്യയും ഒപ്പം നിന്നു.
സ്കോർ
ഓസ്ട്രേലിയ – 186-7
ഇന്ത്യ – 187-4
ആദ്യ മത്സരം തോറ്റ ആതിഥേയരായ ഇന്ത്യ തുടർച്ചയായ രണ്ടു മത്സരങ്ങൾ വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ആത്മവിശ്വാസമായി. പക്ഷേ, ഇതിനിടയിലും ആശങ്കയായി ബൗളർമാരുടെ ഫോം തുടരുന്നു. ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് സ്ഫോടനാത്മകമായ തുടക്കമാണ് കാമറൂൺ ഗ്രീൻ നൽകിയത്. മൂന്നു സിക്സും ഏഴു ഫോറും പറത്തിയ ഗ്രീൻ 21 പന്തിൽ 52 റണ്ണടിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യയ്ക്ക് ഗ്രീൻ കനത്ത നാശം വിതയ്ക്കുമെന്ന ഭയം ഉയർന്നു. എന്നാൽ, ഭുവനേശ്വർകുമാറിനെ തുടർച്ചയായി സിക്സ് അടിയ്ക്കാനുള്ള ശ്രമം രാഹുലിന്റെ കയ്യിൽ അവസാനിച്ചതോടെയാണ് ഇന്ത്യയ്ക്ക് ഗ്രീനിന്റെ ഉപദ്രവം അവസാനിച്ചത്. 62 ൽ ഗ്രീൻ പുറത്താകുമ്പോൾ പത്തു റൺ മാത്രമാണ് മറ്റുള്ളവരിൽ നിന്ന് ടീമിന് ലഭിച്ചത്. പിന്നാലെ ഇന്ത്യ പിടിമുറുക്കിയെങ്കിലും, അവസാന ഓവറുകളിൽ ആളിക്കത്തിയ ടിം ഡേവിഡാണ് (27 പന്തിൽ 54 ) ഓസ്ട്രേലിയൻ സ്കോർ മാന്യമായ നിലയിൽ എത്തിച്ചത്. ഇഗ്നിസും (24), സാംസും (28) മാത്രമാണ് ഓസീസ് നിരയിൽ ഇവരെ കൂടാതെ രണ്ടക്കം കടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ബൗളർമാർ എല്ലാവരും നന്നായി തല്ലുവാങ്ങിയത് തലവേദനയായി മാറി. ഏറെ പ്രതീക്ഷയോടെ പന്തെറിഞ്ഞ ബുംറ മാത്രം നാല് ഓവറിൽ 12 റൺ ശരാശരിയിൽ 50 റൺ വഴങ്ങി. മൂന്ന് ഓവറിൽ നിന്ന് ഭുവനേശ്വർ 39 റണ്ണാണ് വഴങ്ങിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ 33 റൺ വഴങ്ങിയപ്പോൾ, അൽപം ഭേദപ്പെട്ട പ്രകടനം നടത്തിയത് ചഹൽ മാത്രമായിരുന്നു. നാല് ഓവറിൽ 22 റൺ മാത്രമാണ് ചഹൽ വഴങ്ങിയത്.
മറുപടി ബാറ്റിംങിൽ വീണ്ടും രാഹുൽ പരാജയപ്പെട്ടതോടെ രോഹിത്തിന്റെ തലയിലായി ഉത്തരവാദിത്വം മുഴുവൻ. എന്നാൽ, 30 റണ്ണിൽ നിൽക്കെ രോഹിത്തും മടങ്ങി. പിന്നാലെ, ഒരു വശത്ത് പിടിച്ച് നിന്ന കോഹ്ലിയും , ആക്രമിച്ചു കളിച്ച സൂര്യയും ചേർന്ന് ഇന്ത്യയെ വിജയ തീരത്ത് എത്തിക്കുമെന്ന തോന്നൽ ഉയർത്തി. എന്നാൽ, 13 ആം ഓവറിന്റെ അവസാന പന്തിൽ സൂര്യ വീണതോടെ ഇന്ത്യ വീണ്ടും റിവേഴ്സ് ഗിയറിലായി. അവസാന ഓവറിൽ പാണ്ഡ്യയും, കോഹ്ലിയും ക്രീസിൽ നിൽക്കെ ഇന്ത്യയ്ക്ക് വേണ്ടത് 11 റണ്ണായിരുന്നു. ഡാനിയേൽ സാംസിന്റെ ആദ്യ പന്ത് തന്നെ സിക്സറിനു പറത്തി കോഹ്ലി സമ്മർദം അകറ്റി.
എന്നാൽ, തൊട്ടടുത്ത പന്തിൽ കോഹ്ലിയെ വീഴ്ത്തി സാംസ് തിരിച്ചടിച്ചു. പിന്നീട് എത്തിയത് കാർത്തിക്കായിരുന്നു. നാലാം പന്തിൽ സിംഗിൾ ഇട്ടതോടെ മൂന്നു പന്തിൽ നാലു റണ്ണായി ഇന്ത്യയ്ക്ക് വിജയിക്കാൻ. പിന്നീടുള്ള രണ്ടു പന്തുകളിൽ സാംസ് ഒരു റൺ മാത്രമാണ് വഴങ്ങിയത്. അഞ്ചാം പന്തിൽ വൈഡായി എറിഞ്ഞ പന്ത് ഹാർഡിക്കിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നതോടെ ഇന്ത്യയ്ക്ക് ഉജ്വല വിജയവും പരമ്പരയും.