സ്പോർട്സ് ഡെസ്ക്ക് : ആകാശത്തോളം വിശാലതയുണ്ട് അയാൾക്ക് … അയാളുടെ ബാറ്റിൽ നിന്ന് പിറക്കുന്ന ഷോട്ടുകൾക്ക് അതിരുകളില്ലാത്ത ആകാശത്തിന്റെ അനന്തതയുണ്ട്. മുൻ വിധികൾ മാറ്റിവയ്ക്കേണ്ടുന്ന ഷോട്ട് സിലക്ഷൻ , മൈതാനത്തിന്റെ ഏത് ദിശയിലേക്കും പന്തിനെ തൊടുത്തു വിടുവാനുള്ള കഴിവ് സ്കൈ എന്ന വിളിപ്പേര് അക്ഷരാർത്ഥത്തിൽ അയാൾക്ക് മാത്രം അവകാശപ്പെട്ടതാണ്. അതെ ആകാശത്തിന്റെ അനന്ത വിഹായസ്സിൽ സൂര്യ പ്രഭയോടെ നിറഞ്ഞു നിൽക്കുന്ന നക്ഷത്ര തേജസ്സാണയാൾ, സൂര്യകുമാർ.
ഡാനിയേൽ സാംസിന്റെ 125 കിലോമീറ്റർ വേഗതയിൽ പാഞ്ഞു വന്ന പന്ത് കാലുകൾ രണ്ടടി മുന്നോട്ട് വച്ച് വളരെ അനായാസമായി ഷോർട്ട് മിഡ് ഓഫിനും ഡീപ് എക്സ്ട്രാ കവറിനും ഇടയിലൂടെ ഉയർന്ന് പറക്കുന്നു. ഹൈ ബാക്ക് ലിഫ്റ്റിൽ കളിച്ച ഷോട്ട് , ഫോളോ ത്രൂവില്ലാതെ നിശ്ചലമായി ബാറ്റ് ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ആ നിൽപ്പ്. ഈ ഒരൊറ്റ ഷോട്ട് മാത്രം മതി സൂര്യ കുമാറിന്റെ സൂര്യശോഭ അളക്കാൻ . ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഷോട്ടെന്ന് കമന്റേറ്റർമാർക്ക് പോലും പറയേണ്ടി വന്നു എന്നത് തന്നെയാണ് ആ ഷോട്ടിനെ വ്യത്യസ്തമാക്കുന്നതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി 20 ക്രിക്കറ്റിൽ മികച്ച ബാറ്റർമാരിൽ ഒരാളായി ആ പേര് കൂടി എഴുതിച്ചേർക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഷോട്ടുകളുടെ വൈവിധ്യം കൊണ്ട് ഏവരെയും അമ്പരപ്പിച്ച് അതിലുപരിയായി അതിശയിപ്പിച്ച് ഒരു മികച്ച ഇന്നിംഗ്സ്. പല ഷോട്ടുകള്ക്കും പേര് കണ്ടെത്താന് തന്നെ ബുദ്ധിമുട്ട് . അതിവേഗത്തിൽ പാഞ്ഞെത്തിയ പാറ്റ് കമ്മിൻസിന്റെ ഷോട്ട് ബോൾ കാണികൾക്ക് കമ്മിൻസ് ബോൾ റിലീസ് ചെയ്യുന്നത് മാത്രമേ കാണുവാൻ കഴിഞ്ഞിരിക്കൂ …. കുത്തിയുയർന്ന പന്തിനെ അത്ര വേഗത്തിൽ അയാൾ ഡീപ് മിഡ് വിക്കറ്റിന് മുന്നിലുടെ അതിർത്തി കടത്തിയിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യൻ വിജയം ആഘോഷത്താൽ നിറയുമ്പോഴും അത് മാത്രമായിരുന്നില്ല ഈ മത്സരത്തിന്റെ പ്രത്യേകത എന്ന് വിളിച്ച് പറയേണ്ടതായി വരും എന്തെന്നാൽ അത്ര മനോഹരമായാണ് അയാൾ ആ ഇന്നിംഗ്സ് കളിച്ചത്. എണ്ണം പറഞ്ഞ പല ഷോട്ടുകൾ . വിവരണാതീതമായ ബാറ്റിംഗ് ശൈലി ഷോട്ടുകളുടെ പെർഫെക്ഷൻ . ഒരു തികഞ്ഞ ക്ലാസ് പ്ലയർ എന്ന് അവകാശപ്പെടുവാൻ കഴിയില്ലെങ്കിലും . കളിക്കുന്ന ഷോട്ടുകളിൽ തന്റേതെന്ന് പറയുവാനുള്ള വ്യത്യസ്തത പുലർത്തുന്ന താരം. ഏറെ വൈകി ടീമിലെത്തപ്പെട്ട പ്രതിഭ. ആ പ്രതിഭയെ തിരിച്ചറിയുവാൻ ഐ പി എൽ വേണ്ടി വന്നു.അയാൾക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനായുണ്ട്.
പ്രതീക്ഷകൾ അസ്തമിച്ച് തോൽവിയുടെ നിരാശാജനകമായ അവസ്ഥയിലേക്ക് ഇന്ത്യൻ ആരാധകർ മടങ്ങുമ്പോൾ . ഹൃദയത്തിനുള്ളിൽ കറുത്തിരുണ്ട കാർമേഘങ്ങൾ കണ്ണുനീർ തുള്ളികൾ പൊഴിക്കുവാൻ വെമ്പൽ കൊള്ളുമ്പോൾ പുത്തൻ പ്രതീക്ഷകളുടെ തുരുത്തിൽ ആ സൂര്യൻ ഉദിച്ചുയരും . ആകാശത്തിന്റെ അനന്തതയിൽ അതിർ വരമ്പുകളില്ലാത്ത ഷോട്ടുകളുടെ മാലപ്പടക്കത്തിന് തിരികൊളുത്തി , 360 ഡിഗ്രിയിലും അതിർത്തി വരയിലേക്ക് പന്തുകൾക്ക് ടിക്കറ്റ് കൊടുത്ത് പറഞ്ഞയിക്കാൻ അവനുണ്ടാകും.
അതെ ഇന്ത്യയുടെ സൂര്യൻ ജ്വലിച്ചു തുടങ്ങിയിട്ടെ ഉള്ളൂ …..
ആകാശം അവന്റെ ഷോട്ടിന് വേണ്ടി വിശാലമാകുന്ന പോലെ നമുക്കും കാത്തിരിക്കാം …….