ആലപ്പുഴ : ഒപിയിൽ ചികിത്സയ്ക്കെത്തുന്നവരുടെ കുറിപ്പടിയിൽ മരുന്നുകളുടെ വിവരങ്ങൾ അവ്യക്തമായി കുറിക്കുകയും സംശയം ചോദിക്കുന്ന ജീവനക്കാരെ പരിഹസിക്കുന്നവിധം കുറിപ്പുകൾ എഴുതുകയും ചെയ്ത ജനറൽ ആശുപത്രിയിലെ ഡോക്ടറെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നു മാറ്റിനിർത്താൻ നിർദേശം.രോഗീപരിചരണത്തിൽ നിന്ന് ഡോക്ടറെ വിലക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ.രാജൻ അറിയിച്ചു.
വിഷയം വിശദമായി അന്വേഷിച്ച് ഇന്ന് റിപ്പോർട്ട് നൽകണമെന്ന് സൂപ്രണ്ടിനോട് ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്.മരുന്നിന്റെ കുറിപ്പടിയിൽ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധം ജനറിക് പേരുകൾ എഴുതണമെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ നിർദേശം നിലനിൽക്കെ മുതിർന്ന ഡോക്ടർ അവ്യക്തമായി എഴുതുന്നതും സംശയം ചോദിച്ചാൽ പരിഹസിക്കുന്ന വിധം കുറിപ്പെഴുതുന്നതും ജീവനക്കാർ സൂപ്രണ്ടിനോടു പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് പ്രാഥമിക അന്വേഷണം നടത്തി ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.