ലോഡ്‌സ്: കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി വേണ്ടത് 69 റൺ മാത്രം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയത്തോടെ കപ്പുയർത്താനായി ആവേശത്തോടെ മുന്നേറുകയാണ്. സെഞ്ച്വറിയോടെ ക്രീസിൽ നിൽക്കുന്ന എയ്ഡൻ മാക്രവും, അര സെഞ്ച്വറി പൂർത്തിയാക്കി മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ ബാവുമയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകുന്നത്. സ്‌കോർ: ആസ്‌ട്രേലിയ: 212/207. ദക്ഷിണാഫ്രിക്ക: 138, 213/2.
മൂന്നു ദിവസം കൊണ്ട് 30 വിക്കറ്റ് വീണ പിച്ചിൽ രണ്ടാം ഇന്നിംങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക പക്ഷേ കരുത്ത് തെളിയിക്കുകയായിരുന്നു. രണ്ടാം ഇന്നിംങ്‌സിൽ ആസ്‌ട്രേലിയയെ 207 ന് പുറത്താക്കിയ ദക്ഷിണാഫ്രിക്കൻ ബൗളർമാർ 282 റണ്ണിന്റെ വിജയലക്ഷ്യമാണ് ബാറ്റർമാർക്ക് മുന്നിൽ വച്ചു നീട്ടിയത്. ലോകം വെട്ടിപിടിക്കാൻ ഇറങ്ങിയ കരുത്തുമായാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ബാറ്റേന്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓസീസ് പേസാക്രമണത്തെ പ്രതിരോധിക്കുകയായിരുന്നു ബാറ്റർമാരുടെ ആദ്യ ദൗത്യം. എന്നാൽ, ഈ ദൗത്യത്തിൽ റിക്കിൾട്ടണ്ണിന് പിഴച്ചതോടെ ഒരു ഐസിസി ട്രോഫി എന്ന സ്വപ്‌നം ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും പിഴയ്ക്കുകയാണോ എന്ന ചോദ്യമാണ് ആരാധക മനസിൽ ഉയർന്നത്. എന്നാൽ, ഓപ്പണർ എയ്ഡൻ മാക്രം അവിടെ രക്ഷകന്റെ റോളിൽ അവതരിച്ചു. വിയാൻ മൾഡറിനൊപ്പം (27), 61 റണ്ണിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ എയ്ഡൻ മാക്രം പടുത്തുയർത്തിയത്.
ടീം സ്‌കോർ 70 ൽ നിൽക്കെ മൾഡറിനെ വീഴ്ത്തിയ സ്റ്റാർക്ക് ഓസീസിന് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ, വരാനിരിക്കുന്ന പ്രതിരോധക്കോട്ടയിലെ ഒരു ചെറിയ കല്ലുമാത്രമായിരുന്നു പിഴുതതെന്ന് ഓസീസിന് മനസിലായത് ക്യാപ്റ്റൻ ബാവുമ ക്രീസിൽ എത്തിയതോടെയാണ്. മാക്രം അൽപ സ്വൽപം ആക്രമണോത്സുകത കാട്ടിയപ്പോൾ, തെല്ലും ആക്രമണം വേണ്ട എന്നു നിനച്ചിറങ്ങിയ ക്യാപ്റ്റൻ ബാവുമ , ഉയർത്തിയ പ്രതിരോധമാണ് ഓസീസിന് വെല്ലുവിളി ഉയർത്തിയത്.
159 പന്തിൽ 102 റണ്ണുമായി മാക്രം സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ, 121 പന്തിലാണ് ബാവുമ 65 റണ്ണെടുത്തത്. രണ്ടു പേരും ചേർന്ന് ഓസീസ് ബൗളർമാരെ നന്നായി വെള്ളം കുടിപ്പിച്ചു. രണ്ട് ദിവസം ശേഷിയ്‌ക്കെ 69 റണ്ണാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. മൂന്നാം ദിനം കാട്ടിയ ക്ഷമയും സഹനവും നാലാം ദിനവും ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പുറത്തെടുത്താൽ തിരുത്തുക ചരിത്രം ആകും…!!