സിഡ്‌നി: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറായ 185 ന് എതിരെ 181 ന് ഓസീസിന്റെ എല്ലാവരും പുറത്തായതോടെ നാലു റണ്ണിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിംങ്‌സിൽ നേടിയത്. മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം ബാറ്റിംങ് അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺ നേടിയിട്ടുണ്ട്. 145 റണ്ണിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് എന്ന നിലയിലാണ് ഓസീസ് ബാറ്റിംങ് ആരംഭിച്ചത്. ഓസീസിന്റെ രണ്ട് വിക്കറ്റുകൾ അരിഞ്ഞിട്ട്, പത്ത് ഓവർ മാത്രം ബൗൾ ചെയ്ത ബുംറ പരിക്കോടെ തിരിച്ചു കയറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇതിന് ശേഷം ഇന്ത്യയെ ഫീൽഡിൽ നയിച്ചത് സാക്ഷാൽ വിരാട് കോഹ്ലിയായിരുന്നു. ബുംറയുടെ അഭാവത്തിൽ ഇന്ത്യയുടെ ബൗളർമാർ കടന്നാക്രമിച്ചതോടെ ഓസീസ് പ്രതിരോധത്തിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ദിനം ഖവാജയെ ബുംറ പുറത്താക്കിയതിന് ശേഷം രണ്ടാം ദിനം ആറു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ബുംറ തന്നെ ആക്രമണം തുടങ്ങി. ലബുഷൈനെ (2) പന്തിന്റെ കയ്യിൽ ബുംറ എത്തിക്കുമ്പോൾ ഓസീസ് സ്‌കോർ 15 മാത്രമായിരുന്നു. 20 റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഓസീസിന് സാം കോൺസ്റ്റാസിനെ (23) നഷ്ടമായി. 39 ൽ ട്രാവിസ് ഹെഡ് (4) സിറാജിനു മുന്നിൽ കീഴടങ്ങിയതോടെ ഓസീസ് 39 ന് നാല് എന്ന നിലയിൽ തകർന്നു. എന്നാൽ, സ്മിത്തും (33) പുതുമുഖ താരം വെബ്‌സ്റ്റെറും (57) ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പ് ഓസീസിനെ നൂറിന് അടുത്ത് എത്തിച്ചു. 96 ൽ സ്മിത്തിനെയും , 137 ൽ അലക്‌സ് കാരിയെയും (21) മടക്കി അയച്ച് പ്രതീഷ് കൃഷ്ണ ബുംറയില്ലാത്ത വിടവ് നികത്തി.
പാറ്റ് കമ്മിൻസിനെ (10) കൂട്ട് പിടിച്ച വെബ്‌സ്റ്റെർ ഓസീസിനെ 150 കടത്തി. 162 ൽ കമ്മിൻസും, 164 ൽ സ്റ്റാർക്കും (1) നിതീഷ് കുമാർ റെഡിയ്ക്കു മുന്നിൽ വീണു. 166 ൽ വെബ്‌സ്റ്ററിനെ പ്രതീഷ് കൃഷ്ണ ജയ്‌സ്വാളിന്റെ കയ്യിൽ എത്തിച്ചതോടെ ഇന്ത്യയ്ക്ക് അൽപം ആശ്വാസമായി. എന്നാൽ, ബോളണ്ടും (9) ലയോണും (7) പ്രതിരോധിച്ച് നിന്നതോടെ ഇന്ത്യൻ സ്‌കോറിന് നാല് റൺ അകലെ ഓസീസ് വീണു. ബോളണ്ടിനെ ക്ലീൻ ബൗൾ ചെയ്ത സിറാജാണ് ഇന്ത്യയെ കളിയിലേയ്ക്ക് എത്തിച്ചത്. 10 ഓവർ എറിഞ്ഞ ബുംറ രണ്ടു വിക്കറ്റും, 16 ഓവർ എറിഞ്ഞ് സിറാജും 15 ഓവർ എറിഞ്ഞ് പ്രസീതും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. ഏഴ് ഓവർ എറിഞ്ഞ് നിതീഷിന് രണ്ട് വിക്കറ്റുണ്ട്.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ജയ്‌സ്വാൾ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. സ്റ്റാർക്കിന്റെ ആദ്യ ഓവറിൽ നാലു ഫോറാണ് ജയ്‌സ്വാൾ പായിച്ചത്. ആക്രമിച്ചു കളിച്ച ജയ്‌സ്വാളിന് ഒപ്പം രാഹുൽ കട്ടയ്ക്ക് കൂടെ നിന്നു. സ്‌കോർ 42 ൽ നിൽക്കെ ബോളണ്ട് രാഹുലിന്റെ പ്രതിരോധം തകർത്തു. 20 പന്തിൽ 13 റൺ എടുത്ത രാഹുൽ ക്ലീൻ ബൗൾഡ്. അഞ്ച് റൺ കൂടി ചേർത്തപ്പോഴേയ്ക്കും ജയ്‌സ്വാളും വീണു. 35 പന്തിൽ നിന്നും 22 റൺ എടുത്ത ജയ്‌സ്വാളും ബോളണ്ടിന്റെ സ്വിംങ് മനസിലാക്കാതെ പ്രതിരോധിച്ച് ക്ലീൻ ബൗൾഡ് ആകുകയായിരുന്നു.
59 ൽ പതിവ് പോലെ കോഹ്ലി സ്‌ളിപ്പിൽ സ്മിത്തിന് ക്യാച്ച് നൽകി മടങ്ങി. ബോളണ്ട് തന്നെയായിരുന്നു ബൗളർ. 12 പന്തിൽ നിന്നും ആറ് റണ്ണായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. 78 ൽ ശുഭ്മാൻ ഗില്ലിനെ അല്ക്‌സ് കാരി വെബ്സ്റ്ററുടെ പന്തിൽ പിടിച്ചു പുറത്താക്കി. 15 പന്തിൽ 13 റൺ മാത്രമാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും ഈ സമയം പിറന്നിരുന്നത്. ജഡേജയെ ഒരു വശത്ത് നിർത്തി ആക്രമിച്ചു കളിച്ച പന്താണ് ഇന്ത്യയെ കളിയിലേയ്ക്കു തിരികെ എത്തിച്ചത്. 33 പന്തിൽ ആറു ഫോറും നാലു സിക്‌സും പറത്തിയ പന്ത് 61 റണ്ണാണ് നേടിയത്. ടെസ്റ്റിൽ ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗമേറിയ അർദ്ധ സെഞ്ച്വറിയാണ് പന്ത് സ്വന്തമാക്കിയത്. ഒന്നാമനും പന്ത് തന്നെയാണ്. പിന്നാലെ, കമ്മിൻസിന്റെ പന്തിൽ അലക്‌സ് കാരിയ്ക്ക് ക്യാച്ച് നൽകി പന്തും മടങ്ങി. ഓസീസിന്റെ സമ്മർദത്തിൽ കുരുങ്ങിയ നിതീഷ് കുമാർ റെഡി നാലു റണ്ണുമായി മടങ്ങി. ബോളണ്ടിന്റെ നാലാം വിക്കറ്റായിരുന്നു റെഡ്ഡി. നിലവിൽ ബാറ്റിംങ് അവസാനിപ്പിക്കുമ്പോൾ 39 പന്തിൽ എട്ട് റണ്ണുമായി ജഡേജയും, 17 പന്തിൽ ആറു റണ്ണുമായി വാഷിംങ്ടൺ സുന്ദറുമാണ് ക്രീസിൽ. ഓസീസിന് വേണ്ടി ബോളണ്ട് നാലും, കമ്മിൻസും വെബ്‌സ്റ്ററും ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിട്ടുണ്ട്.