ധർമ്മപുരി: തമിഴ്നാട്ടില്‍ നാലുവാഹനങ്ങള് തമ്മില്‍ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അപകടത്തില്‍ എട്ടുപേർക്ക് പരുക്ക്. ബുധനാഴ്ച ധർമ്മപുരി ജില്ലയിലെ തൊപ്പൂർ ഘട്ട് റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് 50,000 രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
അതിവേഗത്തിലെത്തിയ ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുന്നതും പിന്നാലെയെത്തിയ മറ്റു വാഹനങ്ങള്‍ കൂടി അപകടത്തില്‍പ്പെടുന്നതുമാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ ഒരു ട്രക്കിന് തീപിടിക്കുകയും ചെയ്തു. പിന്നീട് അഗ്നിശമനാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, ഇത്തരം അപകടങ്ങള്‍ തടയുന്നതിനായി ദേശീയപാതയുടെ പണി എത്രയുംവേഗം പൂർത്തിയാക്കണമെന്ന് ധർമ്മപുരി ഡിഎംകെ എംപി സെന്തില്‍ കുമാർ കേന്ദ്രത്തോട് അഭ്യർഥിച്ചു.