കട്ടപ്പന : എ.ടി.എം കൗണ്ടറിൽ ഇടപാടുകാരെ സഹായിക്കാനെന്ന പേരിൽ നിന്ന ശേഷം ഇവരെ കബളിപ്പിച്ച് പണം തട്ടുന്ന പ്രതി ഒടുവിൽ പിടിയിലായി.തമിഴ്നാട് ബോഡി സ്വദേശി കാമരാജ് മകൻ തമ്പിരാജാണ് പൊലീസ് പിടിയിലായത് . സംസ്ഥാനത്താകെ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ പ്രതിയെയാണ് കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കൗണ്ടറുകളിൽ പേപ്പർ തിരകിവെച്ചശേഷം ഇടപാടുകാരെ സഹായിക്കാൻ എന്ന വ്യാജേനെ ഇടപാടുകാർ കൊണ്ടുവരുന്ന എടിഎം കാർഡ് കൈക്കലാക്കി കാർഡ് മാറി എടിഎം മെഷീനിൽ ഇട്ട ശേഷം ഇടപാടുകാരെ കൊണ്ട് പിൻ നമ്പർ അടിപ്പിച്ച് നമ്പർ മനസ്സിലാക്കി കാർഡുമായി കടന്നു കളയും . അതിനുശേഷം മറ്റുള്ള എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്ന വിരുതനെയാണ് കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അതിസാഹസികമായി പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കട്ടപ്പന സ്വദേശിയായ ശ്രീജിത്ത്. എസ് നായർ കട്ടപ്പന ഇടശ്ശേരി ജംഗ്ഷൻ ഭാഗത്തുള്ള എസ്ബിഐ എടിഎം കൗണ്ടറിൽ പണം പിൻവലിക്കാൻ ശ്രമിച്ചു എങ്കിലും കാർഡ് എടിഎം മെഷിനിൽ ഇടാൻ സാധിച്ചില്ല. തുടർന്ന് അടുത്തുള്ള കാനറ ബാങ്ക്,സെൻട്രൽ ബാങ്ക് എന്നി എടിഎമ്മുകളിൽ ചെന്നപ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായത്. വീണ്ടും അടുത്തുള്ള മറ്റൊരു എസ്ബിഐയുടെ ഒന്നിലധികം എടിഎം മെഷിനുള്ള കൗണ്ടറിൽ പോവുകയും അവിടെയും കാർഡ് മെഷീനിൽ പ്രവേശിപ്പിക്കാൻ സാധിക്കാതെ വരികെയായിരുന്നു.
തുടർന്ന് ആ എടിഎം കൗണ്ടറിനുള്ളിൽ മറ്റൊരു എടിഎം മെഷീന് മുൻപിൽ പൈസയും ആയി നിന്ന തമ്പിരാജിനോട് എങ്ങനെയാണ് പണം കിട്ടിയത് എന്ന് ചോദിച്ചതോടെ ഇയാൾ കാർഡ് വാങ്ങി എടിഎം മെഷീനിൽ ഇട്ട ശേഷം ശ്രീജിത്തിൽ നിന്നും പിൻ നമ്പർ മനസ്സിലാക്കി. എന്നാൽ പിൻ നമ്പർ തെറ്റാണ് എന്ന് സ്ക്രീനിൽ കാണിച്ചതിനെ തുടർന്ന് കാർഡുമായി ശ്രീജിത്ത് മടങ്ങി പോകുകയായിരുന്നു. കാർഡ് കൂടുതൽ എടി എമ്മുകളിൽ ഉപയോഗിച്ചതിനാലാകാം എന്ന ധാരണയിൽ മടങ്ങിയ ശ്രീജിത്തിന് പിറ്റേന്നാണ് അബദ്ധം മനസ്സിലായത് . രാവിലെ മുതൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതായി ഉള്ള മെസ്സേജ് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം ഇയാൾ തിരിച്ചറിയുന്നത്. തുടർന്ന് ബാങ്കിനെ സമീപിച്ചപ്പോൾ കയ്യിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എടിഎം കാർഡ് ആണ് എന്ന് തിരിച്ചറിയുകയായിരുന്നു.
തുടർന്ന് ബാങ്കിലും കട്ടപ്പന പോലീസ് സ്റ്റേഷനിലും ഇയാൾ പരാതി നൽകി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചും സമാനമായ കുറ്റക്യത്യങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ്നാട് ബോഡി സ്വദേശി തമ്പിരാജ് എന്ന ആളെ തിരിച്ചറിഞ്ഞത്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രികരിച്ച് മുപ്പതോളം സാമാന രീതിയിലുള്ള കുറ്റക്യത്യങ്ങളിൽ പ്രതിയാണെന്നും ഇയാൾ ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് സമാനമായ തട്ടിപ്പ് നടത്തി പോകുന്ന സ്വഭാവമുള്ള ആളാണെന്നും വളരെ അപൂർവമായി മാത്രമേ വീട്ടീൽ വരാറുള്ളൂ എന്നും മനസ്സിലാക്കി. ഇയാളെ നിരീക്ഷിച്ചു വരവെ ഇയാൾ ബോഡിയിലുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഐപി റ്റിസി മുരുകൻ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ് ഐ സജിമോൻ ജോസഫ്, വി കെ അനീഷ് എന്നിവർ ചേർന്ന് തമിഴ്നാട് ക്രൈം പോലീസിൽ ഉള്ള എസ് ഐ ഷംസുദ്ദീൻ,സേതുപതി എന്നിവരുടെ സഹായത്തോടുകൂടി പ്രതിയെ പിടികൂടുകയായിരുന്നു.
സമാനമായ കുറ്റകൃത്യത്തിൽപ്പെട്ട് ചെന്നൈ ജയിലിലായിരുന്ന പ്രതി ഒരു മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇയാൾ പ്രധാനമായും പ്രായമായവരെയും, അതിഥി തൊഴിലാളികളെയും ആണ് തട്ടിപ്പിനായി ആയി ലക്ഷ്യം ഇടുന്നത്. നിലവിൽ തമിഴ്നാട്ടിൽ 27 ഓളം സമാനമായ കേസുകളിൽ വിചാരണ നേരിടുന്ന ഇയാളെ കർണാടക,ആന്ധ്ര, തമിഴ് നാട്ടിലെ സേലം എന്നിവിടങ്ങളിലെ പോലീസ് അന്വേഷിച്ചു വരുകയായിരുന്നു. ഇടുക്കി ജില്ലയിലെ പീരുമേട്,കുമളി, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലും ഈ രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി പ്രതി പോലീസിനോട് പറഞ്ഞു.