ചെന്നൈ: തമിഴ്നാട് മധുരയില്‍ 70കാരിയെ പശു കൊമ്പില്‍ കുത്തിയെറിഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെല്ലമ്മാളിനെ പിന്നിലൂടെ വന്ന പശു കൊമ്പില്‍ കുത്തിയെറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കടകള്‍ക്കിടയിലൂടെ നടന്നു പോകുന്ന ചെല്ലമ്മാളിനെ പിന്നിലൂടെ വന്ന പശു ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. ഇവർ ഉയർന്നു പൊങ്ങി താഴേക്ക് വീഴുന്നുണ്ട്. അപ്പോള്‍ തന്നെ അബോധാവസ്ഥയിലാകുകയും ചെയ്തു. ചെല്ലമ്മാളുടെ തലയ്ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മധുര സർക്കാർ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ ആക്രമിക്കുന്ന സംഭവം വളരെ രൂക്ഷമാകുന്നുണ്ട്. അടുത്തിടെയാണ് 85കാരനെ ചെന്നൈയില്‍ പശു ആക്രമിച്ച് കൊലപ്പെടുത്തിയത്. ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഇതുപോലെ തന്നെ കൊമ്ബില്‍ കുത്തിയെറിയുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ചെല്ലമ്മാള്‍ ഇവിടെയൊരു കടയില്‍ ജോലി ചെയ്യുന്ന ആളാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം. ആരോഗ്യനില ഗുരുതരമായി തുടരുന്നു. പ്രദേശവാസികള്‍ നഗരസഭക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.