ചെന്നൈ: പൊങ്കലിന് തമിഴ്നാട്ടില്‍ റെക്കോർഡ് മദ്യവില്‍പ്പന. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ്റെ (ടാസ്മാക്) വഴി ജനുവരി 12 മുതല്‍ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 678.65 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ജനുവരി 1 മുതല്‍ 16 വരെ, ടാസ്മാകിലൂടെ 2,462.97 കോടി രൂപയുടെ മദ്യം വിറ്റു. 2024 ലെ ഇതേ കാലയളവില്‍ 2,300.23 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 162.74 കോടി രൂപയുടെ (7.07%) വർധനയാണ് ഈ വർഷമുണ്ടായത്.
പൊങ്കല്‍ ആഘോഷവേളയില്‍ നിരവധി പേർ അവധിക്ക് സ്വന്തം നാട്ടിലേക്ക് പോയതിനാല്‍ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മദ്യവില്‍പ്പന കുറഞ്ഞതായി മുതിർന്ന ടാസ്മാക് ഉദ്യോഗസ്ഥൻ പറഞ്ഞു. കന്യാകുമാരി, നാഗപട്ടണം, തിരുവാരൂർ, രാമനാഥപുരം എന്നിവയുള്‍പ്പെടെ 12 ജില്ലകളിലും വില്‍പ്പനയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. പേരമ്പാലൂരിലാണ് വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ വർധന രേഖപ്പെടുത്തിയത്. ബിയർ വില്‍പ്പനയിലും പേരമ്പാലൂർ ഒന്നാം സ്ഥാനത്താണ്. ജില്ലയില്‍ കഴിഞ്ഞ വർഷം 22,435 കെയ്സുകള് വിറ്റഴിച്ചപ്പോള്‍ 27,047 കെയ്സുകള് വിറ്റു.