ചെന്നൈ: മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവർണർക്ക് നിവേദനം നല്‍കി. തമിഴ്നാട്ടില്‍ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങള്‍. രാജ്‌ഭവനില്‍ എത്തി ഗവർണർ ആർ എൻ രവിയെ കണ്ട ശേഷം വിജയ് മടങ്ങി.
ടിവികെ ട്രഷറർ വെങ്കിട്ടരാമനും ഒപ്പമുണ്ടായിരുന്നു.
അതിനിടെ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം കൈപ്പടയില്‍ വിജയ് കത്തെഴുതി. ‘തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്’ എന്ന് ആരംഭിച്ച കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു. “നിങ്ങളുടെ സഹോദരൻ എന്ന നിലയില്‍, ഈ സംസ്ഥാനത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളില്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ) ഞാൻ അതീവ ദുഃഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരില്‍ നിന്നാണ് ഞങ്ങള്‍ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനവുമില്ല”- എന്നും വിജയ് കത്തില്‍ കുറിച്ചു.