കാസർകോട് : ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്കുന്നു. ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയുടെ കെട്ടിടം നിര്‍മ്മിക്കാനാണ് കണ്ടെയ്നറുകള്‍ മാറ്റുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകളിലായിരുന്നു ടാറ്റാ കൊവിഡ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. കൊവിഡ് രോഗികള്‍ ഇല്ലാതായി ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിയുടെ അനുബന്ധമായിട്ടാണ് ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രി. ജില്ലാ പഞ്ചായത്തിന് നടത്തിപ്പ് ചുമതല. ഇതിനായി സ്ഥിരം കെട്ടിടം നിര്‍മ്മിക്കാനാണ് കണ്ടെയ്നറുകള്‍ മാറ്റുന്നത്.
ഇങ്ങനെ മാറ്റുന്നവ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും സൗജന്യമായി നല്‍കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. കണ്ടെയ്നറുകളിലെ ഷീറ്റുകള്‍ അഴിച്ചു മാറ്റി കൊണ്ട് പോകാം. വര്‍ക്ക് ഷെഡുകളും മറ്റും നിര്‍മ്മിക്കാന്‍ പറ്റുന്ന ഷീറ്റുകളാണിവ. ജില്ലാ നിര്‍മ്മിതി കേന്ദ്രം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, ജില്ലാ ടൂറിസം കൗണ്‍സില്‍, ജില്ലാ ഫോറസ്റ്റ് ഓഫീസ്, മത്സ്യഫെഡ് എന്നിവ ഇതിനകം കണ്ടെയ്നറുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെയ്നറുകള്‍ സ്വന്തം ചെലവില്‍ അഴിച്ച് മാറ്റി കൊണ്ട് പോകാനുള്ള അനുമതിയും നല്‍കിക്കഴിഞ്ഞു. 24 കണ്ടെയ്നറുകളാണ് ആദ്യ ഘട്ടത്തില്‍ മാറ്റുന്നത്. 45,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം സെപ്റ്റംബറില്‍ തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.