ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ധോണി. 2008 മുതല്‍ ടീമിനെ നയിച്ചിരുന്ന ധോണി ചെന്നൈക്ക് നാല് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പുതിയ നായകന്‍.
2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി.ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്കുശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2012ല്‍ ചെന്നൈ ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജ തുടര്‍ന്നുള്ള സീസണുകളിലും അവരുടെ നിര്‍ണായക താരമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ കഴിഞ്ഞ സീസണില്‍ ചെന്നൈയെ അവരുടെ നാലാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചെങ്കിലും ബാറ്റിംഗില്‍ ദയനീയ പ്രകടനമായിരുന്നു മഹേന്ദ്ര സിംഗ് ധോണിയുടേത്. ചെന്നൈ കിരീടം ചൂടിയ സീസണില്‍ 16 മത്സരങ്ങളില്‍ 114 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായിരുന്നത്. ബാറ്റിംഗില്‍ ഇക്കുറിയും താളം കണ്ടെത്താനാവാതെ വന്നാല്‍ 2022 സീസണ് ശേഷം ധോണി ഐപിഎല്ലും മതിയാക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു.