ഐ സി.സിയുടെ ട്വന്റി20 ബാറ്റിങ് റാങ്കിങ്ങില്‍ ഏറെക്കാലമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ട്വന്റി20 മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങളുടെ റെക്കോഡാണ് സൂര്യകുമാറിനുള്ളത്. എന്നാല്‍, ഏകദിനത്തില്‍ ഈ മികവ് നിലനിര്‍ത്താൻ സൂര്യകുമാറിനായിട്ടില്ല. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സൂര്യകുമാറിന്റെ പ്രകടനം നല്ലതായിരുന്നില്ല. ആസ്ട്രേലിയയുമായുള്ള ഫൈനല്‍ മത്സരത്തിലാകട്ടെ നിര്‍ണായക സാഹചര്യത്തില്‍ പോലും മോശം പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ ആരാധകരുടെ പഴികേള്‍ക്കുകയും ചെയ്തു. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബര വന്നപ്പോള്‍ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് സൂര്യകുമാറിനെ. പലരും സൂര്യകുമാറിന്റെ ഫോമില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ട്വന്റി20യിലെ തന്റെ അപ്രമാദിത്വം സൂര്യകുമാര്‍ തെളിയിക്കുക തന്നെ ചെയ്തു.
42 പന്തില്‍ നാല് സിക്സും ഒമ്ബത് ഫോറും പറത്തി 80 റണ്‍സെടുത്ത സൂര്യകുമാര്‍ തന്നെയാണ് ഇന്നലെ നടന്ന ആദ്യ ട്വന്റി20യില്‍ ഇന്ത്യൻ വിജയത്തിന്റെ നെടുന്തൂണായത്. തലങ്ങും വിലങ്ങും കൂറ്റനടികള്‍ തീര്‍ത്ത സൂര്യകുമാറിനെ എങ്ങിനെ ആസ്ട്രേലിയൻ ബൗളര്‍മാര്‍ക്ക് തടയാനാകും എന്ന് മത്സരത്തിന്റെ കമന്ററിക്കിടെ രവിശാസ്ത്രി ചോദിച്ചപ്പോള്‍ മുൻ ആസ്ട്രേലിയൻ ഓപ്പണര്‍ മാത്യു ഹെയ്ഡൻ നല്കിയ മറുപടി വൈറലായിരിക്കുകയാണ്.ഇതൊരു ഏകദിനമാണെന്ന് സൂര്യകുമാറിനോട് പറയൂ’ എന്നായിരുന്നു ഹെയ്ഡന്റെ മറുപടി. ഏകദിനത്തിലെ സൂര്യകുമാറിന്റെ മോശം പ്രകടനത്തെ ട്രോളിക്കൊണ്ടുള്ള മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുൻ പാക് ക്രിക്കറ്റര്‍ ഷുഐബ് അക്തര്‍ രവിശാസ്ത്രിയുടെ ചോദ്യവും ഹെയ്ഡന്റെ മറുപടിയും തമാശയായി എക്സില്‍ പങ്കുവെച്ചു.