കൗമാര ഇന്ത്യയുടെ പുതിയ പ്രതീക്ഷ ; നാളയിലേക്ക് ഉദിച്ചുയരാൻ ഇന്ത്യയുടെ ഉദയ് സാഹരൺ

സ്പോർട്സ് ഡെസ്ക്ക് : അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പില്‍ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യ ഫൈനലില്‍ കടന്നിരിക്കുകയാണ്. സെമിയില്‍ തോല്‍ക്കുമെന്ന് തോന്നിയ മത്സരം അപ്രതീക്ഷിതമായി ഇന്ത്യൻ യുവനിര തിരിച്ചുപിടിച്ചു.ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വെച്ച ഇന്ത്യ തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടികള്‍ നേരിട്ടു. 34 റണ്‍സ് എടുത്തപ്പോഴേയ്ക്കും നാല് വിക്കറ്റുകള്‍ നഷ്ടമായി. അവിടെ നിന്നും സച്ചിൻ ദാസിനൊപ്പം ചേർന്ന ക്യാപ്റ്റൻ ഉദയ് സഹാരണ്‍ ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചു. സച്ചിൻ ദാസ് അനായാസം റണ്‍സ് നേടിക്കൊണ്ടിരുന്നു. 

Advertisements

എന്നാല്‍ വളരെ ക്ഷമയോടും പക്വതയോടും കൂടിയാണ് സഹാരണ്‍ ബാറ്റ് വീശിയത്. അയാള്‍ റണ്‍ഔട്ടാകുമ്ബോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. അത്രമേല്‍ മനോഹരമായി ആ കൗമാരക്കാരൻ ഒരു നായകന്റെ ഉത്തരവാദിത്തം പൂർത്തിയാക്കി. ഒരു വിജയം കൂടി നേടിയാല്‍ അണ്ടർ 19 ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക് എത്തും. ഒപ്പം മുഹമ്മദ് കൈഫ്, വിരാട് കോലി, ഉൻമുക്ത് ചന്ദ്, പൃഥി ഷാ, യാഷ് ദൂള്‍ എന്നിവരുടെ പിൻഗാമിയായി ഉദയ് സഹാരണ്‍ അറിയപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 124 പന്തില്‍ 81 റണ്‍സ് നേടിയ സഹാരണിന്റെ ഇന്നിംഗ്സില്‍ ആറ് ഫോറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ട്വന്റി 20 ക്രിക്കറ്റിന്റെ കാലത്ത് വലിയ ഷോട്ടുകള്‍ അടിക്കാതിരിക്കാൻ സഹാരണ്‍ പഠിച്ചിരുന്നു. ഇന്ത്യൻ ടീം പ്രതിസന്ധിയിലായപ്പോള്‍ ക്ഷമയോടെ പിടിച്ചുനില്‍ക്കാൻ യുവതാരം തീരുമാനം എടുത്തു. 

ക്യാപ്റ്റന്റെ സാന്നിധ്യം മറുവശത്ത് സച്ചിൻ ദാസിന് ഗുണമായി. തന്റെ പിതാവില്‍ നിന്നാണ് ക്രിക്കറ്റ് ക്ഷമയുടെ ഗെയിം കൂടിയാണെന്ന് സഹാരണ്‍ പഠിച്ചെടുത്തത്.

രാജസ്ഥാനില്‍ ജനിച്ച ഉദയ് സഹാരണ്‍ മികച്ച ക്രിക്കറ്റ് സൗകര്യങ്ങള്‍ തേടി പഞ്ചാബിലേക്ക് എത്തി. പിതാവ് സഞ്ജയ് സഹാരണ്‍ ഒരു ആയുർവേദ ഡോക്ടറാണ്. ഒരു ക്രിക്കറ്റ് താരമാകണമെന്ന പിതാവിന്റെ ആഗ്രഹം പൂർണതയിലെത്തിയില്ല. പക്ഷേ സ്വന്തം മകനിലൂടെ അയാള്‍ ക്രിക്കറ്റ് മോഹങ്ങള്‍ പൂവണിയിക്കാൻ ശ്രമിക്കുകയാണ്. വലിയ ഷോട്ടുകള്‍ കളിക്കുന്നതിനൊപ്പം മത്സരത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നീണ്ട ഇന്നിംഗ്സുകള്‍ ആവശ്യമാണെന്ന് അയാള്‍ മകനെ പഠിപ്പിച്ചു. 389 റണ്‍സുമായി സഹാരണ്‍ ടൂർണമെന്റിലെ ടോപ് സ്കോറർ ആണ്.

ഡിസംബറില്‍ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് മുമ്ബായി സഹാരണ്‍ ഇന്ത്യൻ നായകനായി. പക്ഷേ സെമി ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ് പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം സംയുക്ത ജേതാക്കളായി. എങ്കിലും അണ്ടർ 19 ലോകകപ്പിനെത്തുമ്ബോള്‍ ഇന്ത്യ വലിയ മുന്നേറ്റമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് എതിരാളികളായപ്പോള്‍ ഏഷ്യാ കപ്പ് സെമിയിലെ തോല്‍വി ഓർമ്മ വന്നു. പക്ഷേ ഉദയ് സഹാരണിന്റെ നേതൃമികവില്‍ കളിച്ച ആറ് മത്സരങ്ങളും വിജയിച്ച്‌ ഇന്ത്യ കലാശപ്പോരിന് തയ്യാറെടുക്കുകയാണ്.

ഇനിയുള്ള കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന് ഉദയ് സഹാരണിനെ പോലെയുള്ള താരങ്ങളെ ആവശ്യമാണ്. അനായാസം സ്കോർ ചെയ്യാൻ കഴിയുന്ന ഒരുപിടി മികച്ച താരങ്ങള്‍ ഇന്ത്യൻ ടീമിലുണ്ട്. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളെ മറികടക്കാൻ ട്വന്റി 20 സ്പെഷ്യലിസ്റ്റുകള്‍ക്ക് കഴിഞ്ഞേക്കില്ല. അവിടെ ഉദയ് സഹാരണ്‍ വ്യത്യസ്തനാകും. ലോകക്രിക്കറ്റ് ആരാധിക്കുന്ന അടുത്ത താരമായി ഉദയ് സഹാരണ്‍ ഉദിച്ചുയരട്ടെ.

Hot Topics

Related Articles