ലണ്ടൻ : ടെന്നീസിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ ഇന്നാണ് മത്സര ടെന്നീസില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. _41 വയസ്സായി. 24 വര്‍ഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. സ്വപ്നം കണ്ടതിലും കൂടുതല്‍ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു_ ഫെഡര്‍ പറഞ്ഞു.
കുറച്ചുവര്‍ഷങ്ങളായി താരം പരിക്കുമൂലം ടെന്നീസില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. 24 വര്‍ഷത്തെ ടെന്നീസ് കരിയറില്‍ 103 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ദീര്‍ഘകാലം ടെന്നീസില്‍ ലോക ഒന്നാം നമ്പറുകാരനായി തുടര്‍ന്നിരുന്നു. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍ കപ്പ് താരത്തിന്റെ അവസാന എടിപി ടൂര്‍ണമെന്‍റാകും.