മലപ്പുറം: സ്‌കൂള്‍ വിട്ടാല്‍ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയ പത്തിലധികം വിദ്യാർഥികള്‍ക്ക് സസ്‌പെൻഷൻ. കുറ്റിപ്പുറം ഗവ. ഹയർ സെക്കഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന പത്തിലധികം കുട്ടികളെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കുറ്റിപ്പുറം ഗവ. ഹയർസെക്കഡറി സ്‌കൂളിലെ വിദ്യാർഥികള്‍ തമ്മിലാണ് സംഘർഷമുണ്ടായത്.
പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികള്‍ കുറ്റിപ്പുറം ബസ്റ്റാൻഡില്‍ വെച്ച് ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ചില വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിദ്യാർഥികളെ താക്കീത് ചെയ്ത് വിട്ടിരുന്നു. പൊലീസ് കസ്റ്റഡി യിലെടുത്ത പ്ലസ്ടു വിദ്യാർഥിക്ക് നേരെ പ്ലസ് വണ്‍ വിദ്യാർഥിയുടെ ചില ബന്ധുക്കളില്‍ നിന്ന് ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതേ തുടർന്ന് ഇന്നലെ വൈകിട്ടും രാവിലെയും ബസ്റ്റാൻഡില്‍ പൊലിസ് സാന്നിധ്യം ഏർപ്പെടുത്തിയിരുന്നു.