ദില്ലി : 2029 മുതല്‍ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താൻ ഇക്കാര്യം പഠിച്ച സമിതിയുടെ ശുപാർശ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അദ്ധ്യക്ഷതയിലുള്ള സമിതി റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി. കേരളം ഉള്‍പ്പടെ ചില സംസ്ഥാന നിയമസഭകളുടെ കാലാവധി ഒറ്റതവണ വെട്ടിക്കുറയ്ക്കാനാണ് നിർദ്ദേശം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ആശയം നടപ്പാക്കാൻ ഭരണഘടനയില്‍ നിരവധി മാറ്റങ്ങള്‍ നിർദ്ദേശിക്കുന്ന റിപ്പോർട്ടാണ് രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി കൈമാറിയത്.
ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളില്‍ എങ്കിലും മാറ്റത്തിന് നിർദ്ദേശമുണ്ട്. 2029ല്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണം. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള മത്സരം ഇതിനോട് ചേർക്കുന്നത് അഞ്ചു കൊല്ലത്തേക്ക് കൂടി മാറ്റിവെയ്ക്കാം എന്നാണ് സമിതിയുടെ നിർദ്ദേശം.
ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയാണെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താം. സർക്കാരുകള്‍ ഇടയ്ക്ക് വീഴുകയാണെങ്കില്‍ ബാക്കിയുള്ള കാലാവധിക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടത്തണം. പല നിയമസഭകളുടെയും കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടുകയോ ചെയ്യുന്ന കാര്യം ആലോചിക്കണം. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അടുത്ത തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭയുടെ കാലാവധി മൂന്നു വർഷമായി ചുരുക്കേണ്ടി വരും. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനുള്ള നിർദ്ദേശം നടപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനാണ് നിർദ്ദേശം.എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടർ പട്ടികയ്ക്കാണ് സമിതിയുടെ ശുപാർശ. അമിത് ഷാ, ഗുലാം നബി ആസാദ് തുടങ്ങിയവരും അംഗങ്ങളായ സമിതി 1800 പേജുള്ള വിശദ റിപ്പോർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ബിജെപി പ്രകടനപത്രികയിലും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം ഉള്‍പ്പെടുത്താനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.