ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്ബ് ടെലിവിഷൻ സീരിയല്‍ അഭിനേതാവായിരുന്നു.ദീർഘകാലത്തിന് ശേഷം അവർ വീണ്ടും സീരിയലില്‍ അഭിനയിക്കുന്നുവെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ‘ക്യുങ്കി സാസ് ഭി കഭീ ബഹു ഥി’ എന്ന ജനപ്രിയ പരമ്ബരയുടെ രണ്ടാംഭാഗത്തിലാണ് സ്മൃതി ഇറാനി വീണ്ടും ടെലിവിഷൻ അഭിനയരംഗത്തേക്കെത്തിയത്. തുളസി വിരാനി എന്നാണ് സ്മൃതി ഇറാനിയുടെ കഥാപാത്രത്തിന്റെ പേര്.
രണ്ടാം വരവിലെ സ്മൃതി ഇറാനിയുടെ പ്രതിഫലമാണ് ഇപ്പോള്‍ ചർച്ചാവിഷയമായിരിക്കുന്നത്. സീരിയലിന്റെ ഒരു എപ്പിസോഡിന് സ്മൃതി ഇറാനി 14 ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് പ്രചരണം. അതിനാല്‍ തന്നെ ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് സ്മൃതി ഇറാനി എന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്മൃതി ഇറാനി. ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് താനാണ് എന്ന് ഒരു അഭിമുഖത്തില്‍ സ്മൃതി ഇറാനി വ്യക്തമാക്കി. എന്നാല്‍ എത്രയാണ് തന്റെ പ്രതിഫലമെന്ന് അവർ വെളിപ്പെടുത്തിയില്ല. സിഎൻഎൻ-ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളില്‍ ഒന്നായിരുന്നു ‘ക്യുങ്കി സാസ് ഭി കഭീ ബഹു ഥി’. ഇതിലെ അഭിനേതാക്കളുടെ കരിയറിലും പരമ്ബര ഒരു വഴിത്തിരിവായി. മാതൃക മരുമകളായ തുളസി വിരാനി (സ്മൃതി ഇറാനി)യുടെ കഥയാണ് ശോഭ കപൂറും ഏക്ത കപൂറും ചേർന്ന് നിർമ്മിച്ച പരമ്ബര പറഞ്ഞത്. ഭർത്താവ് മിഹിർ വിരാനി (അമർ ഉപാധ്യായ)യും കുട്ടികളുമെല്ലാം നിറഞ്ഞ തുളസിയുടെ ജീവിതമായിരുന്നു പരമ്ബരയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയത്.
2000 മുതല്‍ 2008 വരെയാണ് ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി’യോടൊപ്പം ആരംഭിച്ച ഈ ഷോ ഏഴ് വർഷത്തോളം ടിആർപി ചാർട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ പരമ്ബരയിലൂടെ ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളില്‍ നിന്ന് മികച്ച നടി – ജനപ്രിയ വിഭാഗത്തില്‍ സ്മൃതി തുടർച്ചയായി അഞ്ച് അവാർഡുകളും രണ്ട് ഇന്ത്യൻ ടെലി അവാർഡുകളും നേടി.