വിജയ്യെ നായകനാക്കിയുള്ള ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് മേൽ ആരാധകർക്ക് വലിയ പ്രതീക്ഷയുമുണ്ട്. സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് ലോകേഷ് ഇപ്പോൾ.
തലൈവർ 171 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ലോകേഷ് പറയുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി അണിയറപ്രവർത്തകർ ഒരു ടീസറും പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിരുന്നു.
രജനികാന്ത് ഇപ്പോൾ ടി ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചാൽ ഉടൻ ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമയ്ക്ക് തുടക്കമാകും. അതേസമയം തലൈവർ 171ന് ശേഷം കൈതി 2, റോളക്സ് എന്ന കഥാപാത്രത്തിന്റെ സ്റ്റാൻഡ് എലോൺ ചിത്രം, വിക്രം 2, പ്രഭാസ് ചിത്രം എന്നിങ്ങനെ നിരവധി പ്രോജക്ടുകൾ ലോകേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.