ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയില്‍ നിന്ന് ആനയുടെ ചിഹ്നം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി തമിഴ്‌നാട് യൂണിറ്റ്.സംഭവത്തില്‍ വിജയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ചതായും ബിഎസ്പി തമിഴ്‌നാട് ഘടകം അറിയിച്ചു. ബിഎസ്പിയുടെ ചിഹ്നമാണ് ആനയെന്നും അഞ്ച് ദിവസത്തിനകം പതാകയില്‍ നിന്ന് ചിഹ്നം മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.പതാകയില്‍ നിന്ന് ചിഹ്നം മാറ്റാൻ തയ്യാറല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ബിഎസ്പി മുന്നറിയിപ്പ് നല്‍കി. ഓഗ്‌സ്റ്റ് 22 ന് പാതക പുറത്തിറക്കിയപ്പോള്‍ തന്നെ ആനയുടെ ചിഹ്നം ഉപയോഗിച്ചതില്‍ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നുവെന്നും ബിഎസ്പി വ്യക്തമാക്കി.
പതാകയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും കൊടികളുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു മറുപടി.ഓഗസ്റ്റ് 22ന് പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും ചേർന്നതാണ് പതാക. ഇതിന് ഇരുവശത്തായി രണ്ട് ആനയും വാകപ്പൂവുമുണ്ട്. എന്നാല്‍ പതാകയില്‍ ആനയുടെ ചിഹ്നം ഉപയോഗിച്ചതില്‍ നേരത്തെയും പരാതികള്‍ ഉയർന്നിരുന്നു.ടി.വി.കെ. സെല്‍വം എന്ന സാമൂഹിക പ്രവർത്തകൻ വിജയ്ക്കെതിരെ ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ പതാക വിഷയത്തില്‍ പരാതിയും നല്‍കിയിരുന്നു. ഇലക്ഷൻ കമ്മീഷൻ ചട്ടപ്രകാരം കൊടിയില്‍ ജീവനുള്ള മൃഗങ്ങളെ ഉപയോഗിക്കരുത്. ശ്രീലങ്കൻ തമിഴരുടെ പ്രതീകമായ വാഗൈ പുഷ്പം തെറ്റായ രീതിയില്‍ ഉപയോഗിച്ചതായും പരാതിയില്‍ പരാമർശിച്ചിരുന്നു.അടുത്തിടെയാണ് വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ആദ്യ വാതില്‍ തുറന്നുവെന്ന് വിജയ് തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വഴി അറിയിച്ചത്. പാർട്ടിയുടെ ആദ്യ സമ്മേളനം ഒക്ടോബർ 27-ന് വിഴിപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് നടക്കും.