തലയോലപ്പറമ്പ്: നാലുവർഷം മുമ്പ് മരിച്ച ഭർത്താവ് കടം വാങ്ങിയ പണം നൽകാനുണ്ടെന്നു പറഞ്ഞ് വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും കൈയിൽ കിടന്ന സ്വർണ്ണ വള ഊരി എടുക്കാൻ ശ്രമം നടത്തുകയും ചെയ്തതായി പരാതി. പൊട്ടൻചിറയിൽ വ്യാപാര സ്ഥാപനം നടത്തുന്ന വൈക്കപ്രയാർ സ്വദേശിയായ യുവതിയാണ് ഇത് സംബന്ധിച്ച് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. മർദ്ദനത്തിൽ പരിക്കേറ്റ യുവതി വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
തലയോലപ്പറമ്പ് പൊട്ടൻചിറയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കടയിലെത്തിയ യുവാവ് ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിയെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും കയ്യിൽ കിടന്ന വള ഊരി എടുക്കുന്നതിന് ശ്രമിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മണക്കുന്നം സ്വദേശിയായ യുവാവിനെതിരെ തലയോലപ്പറമ്പ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. വനിതാ വ്യാപാരിയെ മർദ്ദിച്ച യുവാവിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയും രംഗത്തെത്തിയിട്ടുണ്ട്.