പത്തനംതിട്ട: ശബരിമല വര്‍ച്വല്‍ ക്യൂവിനെ വിമര്‍ശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിനെ മാറ്റിനിര്‍ത്തി പൊലീസ് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂവാണുള്ളതെന്നും അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും പൊലീസ് മാത്രം വെര്‍ച്വല്‍ ക്യൂ കൈകാര്യം ചെയ്യുന്ന രീതിയാണുള്ളതെന്നും തന്ത്രി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ എടുത്ത് കളയേണ്ട സമയമായെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ശബരിമലയിലെ നിയന്ത്രണത്തോടെയുള്ള തീര്‍ത്ഥാടനത്തോട് പന്തളം കൊട്ടാരം എതിര്‍പ്പ് പ്രകടിപ്പിച്ചു. പരന്പരാഗത രീതിയിലുള്ള ആചാരങ്ങള്‍ മുടക്കുന്നത് സര്‍ക്കാരിന് ശബരിമലയോടുള്ള അവഗണനകൊണ്ടാണെന്നാണ് വിമര്‍ശനം. തീര്‍ത്ഥാടന കാലത്ത് ഏറ്റവും അധികം ആളുകള്‍ എത്തുന്ന പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ല. ശബരിമലയിലെ വരുമാനമാണ് ദേവസ്വം ബോര്‍ഡിനെ നിലനിര്‍ത്തുന്നത്. ശബരിമലയിലെ വരുമാനത്തില്‍ കോട്ടം പറ്റിയാല്‍ ദേവസ്വം ബോര്‍ഡിനെ മുഴുവന്‍ ബാധിക്കുമെന്നും കണ്ഠരര് രാജീവരര് ഓര്‍മ്മിപ്പിച്ചു.