തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പുകഴ്ത്തി ലേഖനമെഴുതിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ തുടരുന്നതിനിടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ‘സി.പി.എം. നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകൾ’ എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ വന്ന പോസ്റ്റർ പങ്കുവെക്കുകയാണ് തരൂർ ചെയ്തത്.എന്നാൽ പോസ്റ്റർ മണിക്കൂറുകൾക്കകം തരൂർ നീക്കം ചെയ്തു. പകരമിട്ട പോസ്റ്റിൽ സിപിഎം പരാമർശമേ ഇല്ലായിരുന്നു.’ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്’ ആദ്യമിട്ട പോസ്റ്റിന് പകരമായി തരൂർ കുറിച്ചു.ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാർഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്. പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികൾക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.കഴിഞ്ഞദിവസം പിണറായി സർക്കാരിന് കീഴിൽ വ്യവസായ രംഗത്ത് കേരളം നേട്ടങ്ങൾ കൈവരിച്ചുവെന്ന്് ശശി തരൂർ ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു. തരൂരിന്റെ ലേഖനം വാർത്തയായതോടെ കോൺഗ്രസ് പ്രതിരോധത്തിലായി. പിന്നാലെ അദ്ദേഹത്തിനെതിരെ പാർട്ടിയിൽ നിന്ന് വിമർശനങ്ങളുമുയർന്നിരുന്നു.