മറിയപ്പള്ളിയില്‍ നിന്നും ജാഗ്രതന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍
കോട്ടയം: താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ തിരച്ചില്‍ ആരംഭിച്ചു. 2017 മെയ് മാസത്തിലെ ഹര്‍ത്താല്‍ ദിനത്തില്‍ താഴത്തങ്ങാടി അറുപറയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായാണ് ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ ആരംഭിച്ചത്. താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ബബീബ ദമ്പതികളെയാണ് കാണാതായത്. ഇരുവരെയും കണ്ടെത്തുന്നതിനായി പൊലീസ് സംഘം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും വാഹനം കണ്ടെത്താമെന്ന പ്രതീക്ഷയുമായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘം രാവിലെ ജെസിബിയുമായി എത്തി പാറക്കുളം വൃത്തിയാക്കുകയാണ്. നേരത്തെ ചങ്ങനാശേരി മഹാദേവന്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട മഹാദേവന്റെ മൃതദേഹം കണ്ടെടുത്തത് ഈ പാറക്കുളത്തില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തിലാണ് പാറക്കുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചം സംഘം തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 മെയിലെ ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് വീട്ടില്‍ നിന്നും ഭക്ഷണം വാങ്ങുന്നതിനായാണ് ഹാഷിം, ഹബീബ ദമ്പതികള്‍ പുതിയ കാറുമായി പുറത്തിറങ്ങിയത്. എന്നാല്‍, രാത്രി വൈകിയും ഇവര്‍ വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കടുത്ത വിശ്വാസികളായിരുന്ന ഇരുവര്‍ക്കുമായി വിവിധ പള്ളികളിലും, അജ്മീര്‍ ദര്‍ഗയിലും അടക്കം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്നു, ഇരുവരെയും കണ്ടെത്താനാവാതെ വന്നതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കോട്ടയം മുതല്‍ കുമരകം വരെയുള്ള പ്രദേശത്തെ കുളങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടക്കം തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയുംപറ്റി സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
നഗരത്തിലെ സിസിടിവി കാമറകളില്‍ ഒന്നും കാര്‍ പതിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കാര്‍ ഇല്ലിക്കലില്‍ നിന്നും തിരുവാതുക്കല്‍ വഴി പാറേച്ചാലെത്താനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംഘം കണക്ക് കൂട്ടുന്നു. ഈ വഴി പാറേച്ചാലിലൂടെ കയറുന്ന കാറില്‍ എത്തുന്ന ദമ്പതിമാര്‍ മറിയപ്പള്ളിയില്‍ രാത്രി എത്താമെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണക്ക് കൂട്ടുന്നത്. ഈ വഴി സിസിടിവി കാമറകള്‍ കുറവായതിനാല്‍ ഇവര്‍ കാമറകളുടെ കണ്ണില്‍പ്പെടാനുള്ള സാധ്യത കുറവാണ്. ആത്മഹത്യാ പ്രവണത കൂടുതലുള്ള ദമ്പതിമാര്‍ പാറമടക്കുളത്തില്‍ കാറുമായി വീണുകാണുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നത്. ഈ സാധ്യത കണ്ടെത്തുന്നതിനായാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.