റിയാദ് : സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയില്‍ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അല്‍റസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാല്‍ഗഞ്ച് സ്വദേശി മദൻലാല്‍ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദില്‍ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തില്‍ ലക്‌നൗവിലെത്തിച്ചത്. അവിടെനിന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.
താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയില്‍ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അല്‍ഖസീം, ഹാഇല്‍, അല്‍ജൗഫ് പ്രവിശ്യകളില്‍ ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്.