പാലക്കാട് : വീടിന്റെ മുന്‍വശത്ത് വിശ്രമിക്കുകയായിരുന്ന വീട്ടമ്മയുടെ അഞ്ച് പവന് മാല മോഷണം പോയി. പാലക്കാട് യാക്കരയിലാണ് സംഭവം.വീടിന്റെ മതില് ചാടിക്കടന്ന് എത്തിയ മോഷ്ടാവാണ് മാല കൊണ്ടുപോയത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് മോഷണം നടന്നത്. യാക്കര പാലത്തിനു സമീപം ലക്ഷ്മി നിവാസില്‍ വിജയലക്ഷ്മിയുടെ (70) മാലയാണു കവര്‍ന്നത്. സിറ്റൗട്ടില്‍ കസേരയില്‍ വിശ്രമിക്കുകയായിരുന്നു വിജയലക്ഷ്മി. വീടിന്റെ പിന്‍ഭാഗത്തെ മതില് ചാടി കടന്നാണു മോഷ്ടാവ് എത്തിയതെന്നു സംശയിക്കുന്നു. റോഡില്‍ വാഹന യാത്രക്കാര്‍ ഏറെയുള്ള സമയത്തായിരുന്നു മോഷണം. വീട്ടുകാര്‍ മോഷ്ടാവിനെ പിന്തുടര്ന്നെങ്കിലും കണ്ടെത്താനായില്ല. വീട്ടിലുള്ള സിസിടിവിയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. അടുത്തുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. വീടിനെക്കുറിച്ചു വ്യക്തമായി അറിയുന്ന ആളാണു മോഷ്ടാവെന്ന നിഗമനത്തിലാണ് പൊലീസ്. മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചെന്നാണു വിവരം.