മലപ്പുറത്ത് പൊലീസുകാരന്റെ പോക്കറ്റടിക്കാന്‍ ശ്രമം :മോഷ്ടാവിനെ പിടികൂടിയത് തന്ത്രപരമായി

മലപ്പുറം; പൊലീസുകാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.തച്ചിങ്ങനാടത്തെ കരുവന്‍തിരുത്തി വീട്ടില്‍ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്. മമ്ബുറം നേര്‍ച്ച മൈതാനത്ത് മഫ്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന താനൂര്‍ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യോടെ പൊക്കിയത്.തിരക്കുള്ള മൈതാനത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാല്‍ ഡിവൈഎസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അതിനിടെയാണ് പൊലീസെന്ന് അറിയാതെ അബീദ് കോയ പോക്കറ്റടിക്കാന്‍ ശ്രമിച്ചത്. ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെ ഒരാള്‍ പിന്തുടരുകയും ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നത് സബറുദ്ദീന്‍ ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ അറിയാത്ത മട്ടില്‍ നിന്നു.മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച്‌ പാന്റ്സിന്റെ പിന്നിലെ പോക്കറ്റ് കീറാന്‍ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയശേഷമാണ് താന്‍ പൊലീസുകാരന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചതെന്ന് ആബിദ് കോയയ്ക്കു മനസ്സിലായത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Advertisements

Hot Topics

Related Articles