കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. റിലീസ് ചെയ്ത് 14 ദിവസങ്ങൾ കഴിയുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണുണ്ടാകുന്നത്.
200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം ചിത്രം 15.5 കോടി നേടിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ നെഗറ്റീവ് റിവ്യൂസ് മൂലം സിനിമയ്ക്ക് കുതിപ്പുണ്ടാക്കാൻ സാധിച്ചില്ല. ഇത് കമൽ ഹാസന്റെ തന്നെ സിനിമയായ ഇന്ത്യൻ 2 , സൂര്യയുടെ കങ്കുവ, ഗെയിം ചേഞ്ചർ എന്നീ സിനിമകളേക്കാൾ താഴെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓവർസീസ് മാർക്കറ്റിൽ നിന്നും 41.15 കോടിയാണ് സിനിമ നേടിയത്. ഇതോടെ സിനിമയുടെ ആഗോള കളക്ഷൻ 96.84 കോടിയായി. സിനിമയുടെ പരാജയത്തെത്തുടർന്ന് തങ്ങൾക്ക് സംഭവിച്ച നഷ്ടത്തിനുപകരം നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ എന്നാണ് നാഷണൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. വിതരണക്കാരായ റെഡ് ജയന്റ് മൂവീസിൽ നിന്നും നിർമ്മാതാക്കളായ കമൽ ഹാസൻ, മണിരത്നം എന്നിവരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തിയേറ്ററുടമകളുടെ നീക്കമെന്നാണ് വിവരം.
അതേസമയം നെറ്റ്ഫ്ലിക്സുമായി സിനിമ ഒപ്പുവെച്ച 130 കോടി രൂപയുടെ ഒടിടി കരാർ പുനഃരവലോകനത്തിന് വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. കരാർ തുകയിൽ 25 ശതമാനത്തോളം കുറവ് വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. തിയേറ്റർ റണ്ണിന് ശേഷം 28 ദിവസങ്ങൾ കഴിഞ്ഞാണ് സിനിമ ഒടിടി റിലീസായി എത്തുന്നത്, എന്നാൽ തഗ് ലൈഫ് നേരത്തെ ഒടിടിയിൽ എത്തുമെന്നും സൂചനയുണ്ട്.