തിരുനക്കര പൂരമൈതാനിയില്‍ നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍
കോട്ടയം: തിരുനക്കര മഹാദേവന്റെ ആവേശപ്പൂരത്തിന് തുടക്കമായി. തിരുനക്കരയുടെ സ്വന്തം കൊമ്പന്‍ തിരുനക്കര ശിവന്‍ മഹാദേവന്റെ തിടമ്പേറ്റി എഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്. പടിഞ്ഞാറന്‍ ചേരുവാരത്ത് തിരുനക്കര ശിവനും കിഴക്കന്‍ ചേരുവാരത്ത് ചിറക്കല്‍ കാളിദാസനുമാണ് തിടമ്പേറ്റിയിരിക്കുന്നത്. നെറ്റിപ്പട്ടം കെട്ടിആയിരക്കണക്കിന് ആരാധകരുടെ ആവേശത്തിന്റെ മധ്യത്തിലൂടെയാണ് തിരുനക്കരയുടെ സ്വന്തം കൊമ്പന്‍ മഹാദേവന്റെ സ്വര്‍ണത്തിടമ്പുമായി മൈതാന മധ്യത്തിലേക്ക് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോ കൊമ്പനും കടന്ന് വരുമ്പോള്‍ ആവേശത്തോടെ ആര്‍പ്പുവിളികളുമായാണ് ആരാധകര്‍ ആനകളെ സ്വീകരിച്ചത്. മൈതാനത്ത് തടിച്ചുകൂടിനിന്ന പതിനായിരങ്ങളുടെ ആവേശക്കടലിന് നടുവിലൂടെയാണ് ഓരോ കൊമ്പന്മാരും തിരുനക്കര മൈതാനത്തേക്ക് എത്തിയത്. പഞ്ചാരി 111 കലാകാരന്മാരുടെ ഒപ്പം സിനിമാതാരം ജയറാമിന്റെ സ്‌പെഷ്യല്‍ പഞ്ചാരി മേളത്തിനും അല്പ സമയത്തിനകം തുടക്കമാകും. വൈകിട്ട് ഏഴ് മണിയോടെ മഹാദേവന്റെ തിരുമുറ്റത്ത് കുടമാറ്റത്തിനും തുടക്കമാകും.
ആനപ്രേമികളുടെ ആരവവും ആവേശവും നിറഞ്ഞു നിന്ന ആഘോഷ വേദിയിലൂടെ കൊമ്പന്മാര്‍ നടന്ന് വന്നത് പൂരാവേശം ഇരട്ടിയാക്കി. വൈകിട്ട് നാല് മണിയോടെയാണ് ക്ഷേത്രത്തിലെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമായത്. മഹാദേവന്റെ ക്ഷേത്ര മുറ്റത്തെ മൈതാനത്ത് കിഴക്ക് പടിഞ്ഞാറ് ചേരുവാരങ്ങളിലായി പതിനൊന്ന് വീതം കൊമ്പന്മാരാണ് അണിനിരക്കുന്നത്. വൈകിട്ട് ആറ് മണിയോടെ ക്ഷേത്ത്രതില്‍ കുടമാറ്റവും നടക്കും.