കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തിരുനക്കരപൂരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ജോസ്കോ ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബാബു എം ഫിലിപ്പിന് നൽകി ലോഗോ പ്രകാശനം ചെയ്തു. ദേവസ്വം ബോർഡ് മെമ്പർ പി എം തങ്കപ്പൻ ഭദ്രദീപം തെളിയിച്ചു. ടി. സി. ഗണേഷ് (പ്രസിഡന്റ്), അജയ് ടി. നായർ (സെക്രട്ടറി), പ്രൊഫ. പ്രദീപ് മന്നന്നം (വൈസ് പ്രസിഡന്റ്), ആർ. കൃഷ്ണചന്ദ്രൻ (അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ) എന്നിവർ പങ്കെടുത്തു.
തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് ഒരുക്കങ്ങളായി. മാർച്ച് 15 ന് വൈകിട്ട് 7 ന് തി താഴ്മൺമഠം കണ്ഠരര് മോഹനരര് കൊടിയേറ്റും. എട്ടാം ഉത്സവ മായ 22 ന് വലിയവിളക്ക് ദേശവിളക്കായി ആചരിക്കും. പള്ളിവേട്ട ദിവസ മായ 23 ന് തിരുനക്കര പൂരം നടക്കും. 24 നാണ് ആറാട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എട്ടുദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്ചശ്രീബലി, വേലകളി, അശ്വത്ത് നാരായണൻ & പാർട്ടിയുടെ ആറാട്ട് കച്ചേരി, ജമനീഷ് ഭാഗവതരുടെ സംഗീത കച്ചേരി, വെട്ടിക്കവല ശശികുമാർ, തുറവൂർ നാരായണപണിക്കർ, ഹരിപ്പാട് മുരുകദാസ്, ആറന്മുള ശ്രീകുമാർ, പാറപ്പാടം സജീഷ് എന്നി വരുടെ നാദസ്വര കച്ചേരി എന്നിവ നടക്കും. സുപ്രസിദ്ധ പിന്നണി ഗായകൻ അനൂപ് ശങ്കർ, ഭീമ ബ്ലൂഡൺസ്, തൃശൂർ കലാസദൻ, കോട്ടയം ശ്രീരാഗം ഓർക്കസ്ട്ര എന്നിവരുടെ ഗാനമേളയും ഉത്സവത്തിന് കൊഴുപ്പേകും.
കൊല്ലം കെ. ആർ. പ്രസാദിന്റെ ദേവയാനം ബാലെ, ആർ.എൽ.വി. പ്രദീപ്കുമാർ, കലാക്ഷേത്രം ചിത്ര പ്രദീപ്കുമാർ എന്നിവർ നയിക്കുന്ന ശ്രീമൂകാംബിക നൃത്തകലാക്ഷേത്രത്തിന്റെ ദേവനടനം ഡാൻസ്, ആർ.എൽ.വി. അനിൽകുമാർ നയിക്കുന്ന ഭസ്മാസുരമോഹിനി നൃത്തശില്പം എന്നിവയാണ് നടക്കുക. അരങ്ങിൽ മൂന്ന് ദിവസം മേജർസെറ്റ് കഥകളി ഉണ്ടാകും. കർണ്ണശപഥം, കുചേലവത്തം, കിരാതം എന്നീ കഥകളാണ് അരങ്ങിലെത്തുക.
മാർച്ച് 23 ന് നടക്കുന്ന പുരം ദിവസം 111 കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് സുപ്രസിദ്ധ ചലച്ചിത്ര താരം ജയറാമിന്റെയും സംഘത്തിന്റെയും പഞ്ചാരിമേളം, ഒറ്റപ്പാലം ഹരി, ആനിക്കാട് കൃഷ്ണകുമാർ, വെള്ളത്തുരുത്തി ശ്രീലാൽ, പുതുപ്പള്ളി അനിൽകുമാർ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം, ആറാട്ട് സദ്യ എന്നിവയാണ് ഈ വർഷത്തെ പ്രധാന പരിപാടികൾ.