കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന തിരുനക്കരപ്പൂരത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന്റെയും പൂരത്തിന്റെയും സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പോലീസും എക്സൈസും സംയുക്ത പരിശോധന നടത്താനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാനും മന്ത്രി നിർദ്ദേശം നൽകി.
മാർച്ച് 23 ന് വൈകിട്ട് നടക്കുന്ന പൂരത്തിന് 22 ആനകളെ എഴുന്നള്ളിക്കും. ജനത്തിരക്ക് നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനുമായി 450 പൊലീസുകാരെ വിന്യസിക്കും. മുൻവർഷങ്ങളെയപേക്ഷിച്ച് ചൂടുകൂടിയ സാഹചര്യമായതിനാൽ അഞ്ചുമണിക്കുശേഷമേ പൂരത്തിനായി ആനകളെ എഴുന്നള്ളിക്കൂ. ഈ സമയത്ത് വെടിക്കെട്ട് പരിപാടികൾ ഒഴിവാക്കണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എ. സാജു പറഞ്ഞു. പൂരദിവസം ജില്ലാ ചീഫ് വെറ്ററിനറി ഓഫീസറും എലിഫന്റ് സ്ക്വാഡിന്റെ മേധാവിയുമായ ഡോ. ഷാജി പണിക്കശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആനകളെ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമേ എഴുന്നള്ളിപ്പിന് അനുവദിക്കൂ. പൂര ദിവസത്തെ ഗതാഗത ക്രമീകരണം ജനങ്ങളെ മുൻകൂട്ടി അറിയിക്കുമെന്ന് മോട്ടോർ വാഹനവിഭാഗം അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് വാഹന, പാർക്കിംഗ് നിയന്ത്രണത്തിനായി പൊലീസിനൊപ്പമുണ്ടാകും. ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിനകത്തും പൊലീസിനെ നിയോഗിക്കും. നഗരത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കും. കൺട്രോൾ റൂമുകൾ തുറക്കും. നഗര ശുചീകരണത്തിനും കേടായ വഴിവിളക്കുകൾ നന്നാക്കുന്നതിനും കുടിവെള്ള വിതരണത്തിന് വാഹനം ലഭ്യമാക്കുന്നതിനും കോട്ടയം നഗരസഭയെ ചുമതലപ്പെടുത്തി. തടസംകൂടാതെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി.ക്ക് മന്ത്രി നിർദ്ദേശം നൽകി.
ജല അതോറിട്ടി മുഖേന കുടിവെള്ള ലഭ്യത ഉറപ്പാക്കും. ആനകളുടെ ചൂട് നിയന്ത്രണത്തിനായി കൂടുതൽ വെള്ളം ക്ഷേത്രത്തിനകത്തും പുറത്തും വലിയടാങ്കുകളിൽ സംഭരിക്കും. അടിയന്തര വൈദ്യസഹായത്തിനായി മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്നും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. എക്സൈസിന്റെ ആഭിമുഖ്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. ഫയർ ഫോഴ്സിന്റെ പ്രത്യേക സംഘം സ്ഥലത്തുണ്ടാവും. പൂരദിവസം രാത്രി വൈകി മടങ്ങുന്നവർക്ക് വാഹനമുറപ്പാക്കൻ പ്രത്യേക സംവിധാനം ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സി. ക്കും മോട്ടോർവാഹന വകുപ്പിനും നിർദ്ദേശം നൽകി.
തിരുനക്കര ക്ഷേത്രപരിസര റോഡുകളുടെയും ആറാട്ടു പോകുന്ന വഴികളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, അഡീഷണൽ എസ്.പി. സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.സി. ഗണേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.