ചെന്നൈ: തമിഴ്നാട് തിരുനെല്‍വേലിയിലെ കോടതിക്ക് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു. നാലംഗ സംഘമാണ് പൊലീസ് നോക്കിനില്‍ക്കെ യുവാവിനെ ആക്രമിച്ചത്. ഡിഎംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്നാണ് പൊലീസിൻ്റെ നിഗമനം.
കഴിഞ്ഞ വർഷം ഡിഎംകെ പ്രാദേശിക നേതാവ് രാജാമണി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പൊണ് തിരുനെല്‍വേലി സ്വദേശിയായ മായാണ്ടി പാളയംകോട്ട കോടതിയില്‍ എത്തിയത്. രാവിലെ 10.15ന് കോടതിക്ക് സമീപം നില്ക്കുമ്പോള് കാറിലെത്തിയ നാലംഗ സംഘം മായാണ്ടിയെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികള്‍ ഗേറ്റിന് സമീപത്ത് വച്ച് മായാണ്ടിയെ വെട്ടിവീഴ്ത്തി. വാക്കത്തിയും വടിവാളും ഉപോഗിച്ച് മുഖത്തും ശരീരത്തും മാറിമാറി വെട്ടുകയായിരുന്നു. പൊലീസ് ഓടിയെത്തും മുൻപേ മൂന്ന് പേർ കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും രാമകൃഷ്ണൻ എന്നയാളെ അഭിഭാഷകർ പിടിച്ചുനിർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മായാണ്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മുൻപു രണ്ട് തവണ ഇയാള്‍ക്കെതിരെ വധശ്രമം ഉണ്ടായിട്ടുണ്ട്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയില്‍ തിരുനെല്‍വേലി സ്റ്റേഷൻ പരിധിയില്‍ നിന്ന് തന്നെ ശിവ, മനോരാജ്, തങ്ക മഹേഷ് എന്നീ പ്രതികള്‍ അറസ്റ്റിലായി. രാജാമണിയുടെ സഹോദരൻ നല്കിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമെന്നാണ് നിഗമനം. പൊലീസ് സുരക്ഷ ഉള്ളിടത്ത് നടന്ന കൊലപാതകത്തിനെതിരെ അഭിഭാഷകർ പ്രതിഷേധിച്ചു.