വീട്ടിൽനിന്ന് സ്വർണ്ണവും പണവും ഫോണും മോഷണം പോയി; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും

തിരൂരങ്ങാടി: വീട്ടില്‍ നടന്ന മോഷണക്കേസില്‍ മകളും ഭർത്താവും അറസ്റ്റില്‍. തെന്നല മുച്ചിത്തറ കുന്നത്തേടത്ത് നബീസുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. കേസില്‍ നബീസുവിന്റെ മകള്‍ സബീറ (35), ഭർത്താവ് കോഴിച്ചെന പുനത്തില്‍ അബ്ദുല്‍ ലത്തീഫ് (33) എന്നിവരെയാണ് തിരുരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിക്കുകയും തൊണ്ടിമുതല്‍ കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. നബീസുവിന്റെ പേരക്കുട്ടിയുടെ വളയും മാലയുമടക്കം രണ്ടേ കാല്‍ പവൻ സ്വർണവും മൊബൈല്‍ ഫോണും രണ്ടായിരം രൂപയുമാണ് മോഷണം പോയത്. മാല നബീസുവിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ അടിയില്‍നിന്നും പൊലീസ് കണ്ടടുത്തു. വള മറ്റൊരാളുടെ കൈയില്‍ വില്‍ക്കാൻ കൊടുത്തതായി പ്രതി പൊലീസിനോട് പറഞ്ഞു. സബീറയും അബ്ദുല്‍ ലത്തീഫും വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയത്. സബീറ ഈ വീട്ടില്‍ തന്നെയാണ് താമസം. നാലുദിവസം മുമ്പാണ് നബീസുവിൻ്റെ പേരമകള്‍ വീട്ടില്‍ വിരുന്നുവന്നത്. മോഷണ ദിവസം നബീസു വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ അബ്ദുല്‍ ലത്തീഫിന് സബീറ വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെട്ടു. തുടർന്ന് പകല്‍ സബീറയും സഹോദരിമാരും തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

Advertisements

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുറത്തുനിന്നും മോഷ്‌ടാക്കള്‍ വന്നതായുള്ള തെളിവുകള്‍ ലഭിച്ചില്ല. കൂടാതെ മൊബൈല്‍ ഫോണും പണവും മോഷ്‌ടിച്ചെന്ന് പറയപ്പെടുന്ന പഴ്‌സ് യഥാസ്ഥാനത്ത് കാണപ്പെട്ടതും വാതിലില്‍ കേടു പാടുകളില്ലാത്തതും പൂട്ട് പൊളിച്ചതായി കാണപ്പെടാത്തതും സംശയങ്ങള്‍ ജനിപ്പിച്ചു. വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സബീറയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിൻ്റെ ചുരുളഴിഞ്ഞത്. ഇതോടെ ടവർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ അവസാനം കോട്ടയ്ക്കല്‍ വച്ച്‌ അബ്ദുല്‍ ലത്തീഫ് പിടിയിലാവുകയായിരുന്നു. ലത്തീഫ് ഗള്‍ഫിലാണെന്നാണ് നാട്ടുകാരെയും കുടുംബത്തെയും ധരിപ്പിച്ചിരുന്നത്. എന്നാല്‍ കോട്ടയ്ക്കല്‍ ടൗണിലെ കടവരാന്തകളിലായിരുന്നുവത്രെ ഇയാള്‍ അന്തിയുറങ്ങിയിരുന്നത്. സബീറയും അബ്ദുല്‍ലത്തീഫും സഹോദരിമാരുടെ മക്കളാണ്. ഇയാളുടെ പേരില്‍ വേറെയും മോഷണക്കേസുകളുള്ളതായി പൊലീസ് പറഞ്ഞു. പ്രിൻസിപ്പല്‍ എസ്.ഐ വിനോദ്, എസ്.ഐമാരായ സി. രണ്‍ജിത്ത്, രാജു, സി.പി.ഒ രാകേഷ്, സീനിയർ സി.പി.ഒ റഹിയാനത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.