തിരുവല്ല: കനത്ത മഴയിൽ വെള്ളം കയറിയ തിരുവല്ല മുൻസിപാലിറ്റി പതിനാലാം വാർഡിലെ പുഷ്പഗിരി റെയിവേ ക്രോസിന് സമീപത്തെ വീടുകൾ യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, നഗരസഭാ കൗൺസിലർമാരായ ജേക്കബ് ജോർജ് മനയ്ക്കൽ, ഫിലിപ്പ് ജോർജ്, കോൺഗ്രസ് നേതാവ് സുബിൻ നീറുംപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ സന്ദര്‍ശിച്ചു. ചെറിയ മഴയിൽ പോലും നിരന്തരം വെള്ളം കയറുന്ന ഈ പ്രദേശത്തെ ആളുകളും വീടും കൃഷിയും വീട്ടുപകരണങ്ങളും നിരന്തരം നശിച്ചു പോകുന്നത് മൂലം വലിയ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. പിഡ്യുഡിയുടെയും
നഗരസഭയുടെയും അനാസ്ഥ കാരണം പല വീടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
റെയിവേയുടെ സംരക്ഷണ ഭിത്തിയും ഈ ഭാഗത്ത് തകർന്ന് വീണ് വലിയ ദുരന്തം ഉണ്ടാകുന്ന അവസ്ഥയിലാണ്. പിഡ്യുഡിയുടെ കലുങ്ക് പുനഃസ്ഥാപിച്ച് ഈ ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. ഈ വിഷയം ഉയർത്തി വരും ദിവസങ്ങളിൽ നാട്ടുകാർക്കൊപ്പം സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.