തിരുവല്ല : സുഹൃത്തായ യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന മലപ്പുറം സ്വദേശി 13 വർഷങ്ങൾ ശേഷം തിരുവല്ല പോലീസിന്റെ പിടിയിലായി. മലപ്പുറം മൂത്തേടം തച്ചേടത്ത് വീട്ടിൽ സുരേഷ് ( 54) ആണ് പിടിയിലായത്. 2011 ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 2009 കാലഘട്ടത്തിൽ തിരുവല്ലയിലെ തോട്ടഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയ സുരേഷ് അയൽവാസിയായ യുവതിയുമായി സൗഹൃദത്തിൽ ആവുകയായിരുന്നു.
ഭർത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പം സ്ഥാപിച്ച സുരേഷ് അവരറിയാതെ നഗ്ന വീഡിയോ പകർത്തുകയായിരുന്നു. തുടർന്ന് പകർത്തിയ വീഡിയോ യുവതിക്ക് അയച്ചു നൽകി. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലായി എത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ആയിരുന്നു. അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട വിവരം വിദേശത്തു നിന്നും അവധിക്ക് ഭർത്താവ് അറിഞ്ഞു. തുടർന്നാണ് സംഭവങ്ങൾ പുറത്തുവന്നത്. യുവതി പോലീസിൽ പരാതി നൽകിയത് അറിഞ്ഞ സുരേഷ് മുംബൈയിലേക്ക് മുങ്ങി. വിവിധ സ്ഥലങ്ങളിൽ വ്യാജ മേൽവിലാസത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷിനെ തിരുവല്ല ഡിവൈഎസ്പി എസ് അഷാദ്, സി ഐ ബി സുനിൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം എറണാകുളത്തു നിന്നും പിടി കൂടുകയായിരുന്നു.