തിരുവല്ല: തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ കുത്തിപ്പരിക്കേപ്പിച്ച കേസിൽ പിടിയിലായ ജിഷ്ണു കോട്ടയം ഏറ്റുമാനൂരിലെ പിടിച്ചുപറിക്കേസിൽ പ്രതി. ആഗസ്റ്റിൽ ഏറ്റുമാനൂരിൽ നടന്ന പിടിച്ചുപറിക്കേസിൽ പ്രതിയായ ജിഷ്ണു ഒളിവിൽ കഴിയുന്നതിനിടെയാണ് കൊലപാതകം നടത്തിയത്. തിരുവല്ല യുവമോർച്ചയുടെ മുൻഭാരവാഹിയായ ജിഷ്ണു കോട്ടയം അടക്കമുള്ള സ്ഥലങ്ങളിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ആഗസ്റ്റിൽ ഏറ്റുമാനൂരിൽ റിട്ട.പ്രഫസറെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നു സംഘം. വാഹനാപകടത്തിന്റെ പേരിൽ റിട്ട.പ്രഫസറിന്റെ പക്കൽ നിന്നും 4.20 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം. ആറു പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ പ്രധാനപ്രതിയായ ജിഷ്ണു ഒളിവിൽ പോകുകയായിരുന്നു. തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിൽ കടപ്പൂർ തോട്ടത്തിൽ വീട്ടിൽ ടി.അഖിലിനെ (25) കടുത്തുരുത്തിയിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന അയ്മനം കോട്ടമല വീട്ടിൽ റോജൻ മാത്യു (34) വിനെ പാലാ സബ് ജയിലിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ജിഷ്ണു ഇപ്പോൾ സി.പി.എം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരിക്കുന്നത്. കോട്ടയത്തെതും, ചങ്ങനാശേരിയിലെയും അടക്കമുള്ള ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണ് ജിഷ്ണുവിന് ഉള്ളതെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിനെ ബി.ജെ.പിയും യുവമോർച്ചയും പുറത്താക്കിയത്. ഇതേ ഗുണ്ടാ സംഘങ്ങളുടെ സഹായം തന്നെയാണ് പ്രതിയ്ക്ക് ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ ലഭിച്ചിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.