തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയില്‍ വീട്ടുകാർക്ക് മയക്കുമരുന്ന് നല്കി മോഷണം. വർക്കലയില്‍ ഒരു വീട്ടിലെ മൂന്നുപേർക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്കി മയക്കി കിടത്തിയിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്. അബോധാവസ്ഥയിലായ വയോധിക ഉള്‍പ്പെടെ ഉള്ളവർ ആശുപത്രിയിലാണ്. മോഷണം നടത്തിയ 5 അംഗ സംഘത്തിലെ 2 പേരെ നാട്ടുകാർ പിടികൂടി. വീട്ടുജോലിക്ക് എത്തിയ നേപ്പാള്‍ സ്വദേശിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
വർക്കല ഹരിഹരപുരം എല്‍പി സ്കൂളിന് സമീപമാണ് സംഭവമുണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വീട്ടമ്മയായ ശ്രീദേവി, മരുമകള്‍ ദീപ, ഹോംനേഴ്സ് സിന്ധു എന്നിവരെ അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്. രണ്ടാഴ്ചയായി ഇവിടെ നേപ്പാള്‍ സ്വദേശിയായ യുവതി വീട്ടുജോലിക്ക് വരുന്നുണ്ടായിരുന്നു. ഇവരും ഇവരുടെ കൂട്ടാളികളായ 4 പുരുഷൻമാരും ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്ന പ്രാഥമിക വിവരം. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലർത്തിയാണ് വീട്ടിലുളളവരെ മയക്കിയതെന്നാണ് പ്രാഥമിക വിവരം. 4പേർ എത്തി വീട്ടിലെ അലമാര കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിക്കുകയായിരുന്നു. ശ്രീദേവിയമ്മയുടെ മകൻ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാള്‍ അമ്മയെയും ഭാര്യയും ഫോണില്‍ മാറിമാറി വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. തുടർന്ന് ബന്ധുവിനെ വീട്ടിലേക്ക് അയച്ചപ്പോഴാണ് മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയത്. ഇതിലൊരാളെ നാട്ടുകാർ അപ്പോള്‍ തന്നെ പിടികൂടി. വീട്ടിലൊളിച്ചിരുന്ന മറ്റൊരാളെ ഇന്ന് രാവിലെയാണ് പിടികൂടി പൊലീസില്‍ ഏല്പിച്ചത്. ഇവർ 2 പേരും നേപ്പാള്‍ സ്വദേശികളാണ്. മോഷണത്തിലെ മുഖ്യപ്രതിയായ സ്ത്രീയുടെയും മറ്റ് രണ്ട് പേരുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കുടുംബാംഗങ്ങല്‍ മൂന്ന് പേരും ഇപ്പോള്‍ ആശുപത്രിയിലാണ്. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയുള്ളൂ.