തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ പദ്ധതിക്ക് 11000 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക വിലയിരുത്തല്‍. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആർ.എല്‍.) സർക്കാരിനു സമർപ്പിച്ച പ്രാഥമിക പദ്ധതിരേഖയിലാണ് ചെലവുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ഉള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷമായിരിക്കും അന്തിമ ഡി.പി.ആർ. കെ.എം.ആർ.എല്‍. സർക്കാരിനു സമർപ്പിക്കുക. പള്ളിപ്പുറം ടെക്നോസിറ്റി മുതല്‍ കരമന, കൈമനം വഴി പള്ളിച്ചല്‍ വരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് ഒന്നാംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. കഴക്കൂട്ടം, ടെക്നോപാർക്ക്, ലുലുമാള്‍, ചാക്ക, ഈഞ്ചയ്ക്കല്‍ വഴി കിള്ളിപ്പാലം വരെ 14.7 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും നടപ്പാക്കും.
ഒന്നാംഘട്ടത്തിന് 7500 കോടി രൂപയും രണ്ടാം ഘട്ടത്തിന് 4000 കോടി രൂപയുമാണ് നിർമാണച്ചെലവായി പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. നിർമാണ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കുള്ള ആകെ തുകയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിരേഖയില്‍ പറഞ്ഞിരിക്കുന്നത്. കെ.എം.ആർ.എല്ലിനു വേണ്ടി ഡല്‍ഹി മെട്രോ റെയില്‍ കോർപ്പറേഷനാണ്(ഡി.എം.ആർ.സി.) പദ്ധതിരേഖ തയ്യാറാക്കിയത്. കഴക്കൂട്ടത്തും കിള്ളിപ്പാലത്തുമായിരിക്കും മെട്രോയുടെ ടെർമിനല്‍ സ്റ്റേഷനുകള്‍ പ്രവർത്തിക്കുക. ഒന്നാംഘട്ടത്തിലെ പ്രദേശങ്ങളില്‍ മേല്‍പ്പാലത്തിലൂടെ നിർമിക്കുന്ന മെട്രോ രണ്ടാംഘട്ടത്തിലെത്തുമ്ബോള്‍ ചിലയിടങ്ങളില്‍ ഭൂഗർഭപാതയിലൂടെയായിരിക്കും സഞ്ചരിക്കുക. ഇതിന്റെ സാധ്യതാപഠനവും പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രാഥമിക ഡി.പി.ആർ. സർക്കാരിനു സമർപ്പിച്ചത്. തലസ്ഥാനത്തെ മെട്രോയ്ക്ക് കേന്ദ്ര പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോയാണ് തലസ്ഥാനത്തും നടപ്പാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2012-ലാണ് തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി വിഭാവനംചെയ്തത്. 2014-ല്‍ ഡി.എം.ആർ.സി. പദ്ധതിയുടെ ആദ്യ രൂപരേഖയും സമർപ്പിച്ചിരുന്നു. പള്ളിപ്പുറം മുതല്‍ കൈമനംവരെ ആദ്യ ഘട്ടത്തിലും കൈമനം മുതല്‍ നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടത്തിലും നടപ്പാക്കാമെന്നായിരുന്നു പഠന റിപ്പോർട്ട്. 4219 കോടി രൂപയായിയിരുന്നു ചെലവ് കണക്കാക്കിയത്. പിന്നീട് പദ്ധതിയുടെ നടത്തിപ്പ് കൊച്ചി മെട്രോ റെയില്‍ കോർപ്പറേഷനു നല്‍കുകയായിരുന്നു. നേരത്തെ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനായിരുന്നു ആലോചിച്ചിരുന്നത്. കെ.എം.ആർ.എല്‍. പിന്നീട് ഓള്‍ട്ടർനേറ്റീവ് ട്രാൻസ്പോർട്ട് അനാലിസിസ് പഠനം നടത്തിയാണ് മീഡിയം മെട്രോയാണ് തിരുവനന്തപുരത്തിനും അനുയോജ്യമാണെന്നു കണ്ടെത്തിയത്.