തിരുവനന്തപുരം : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായിട്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനത്തില്‍ തൊഴിലാളിയെ കണ്ടെത്താനായില്ല. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും തൊഴിലാളിയെ ഇതുവരേയും കണ്ടെത്താനായില്ല. നിലവില്‍ സ്കൂബ ഡൈവിംഗില്‍ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും ആളെ കണ്ടെത്താനായിട്ടില്ല. മാലിന്യം നീക്കിയ ശേഷം മുങ്ങല്‍ വിദഗ്ധർ പരിശോധന നടത്തുകയാണ്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താൻ ശ്രമിക്കുകയാണ്.
ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്റർ നീളമാണുള്ളത്. റെയിവേ ലൈൻ കടന്ന് പോകുന്ന വഴിയില്‍ സ്റ്റേഷന് കുറുകെ തോട് കടന്ന് പോകുന്നുണ്ട്. സ്റ്റേഷന് കുറുകെ ട്രാക്കിനടിയില്‍ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ഇവിടെ ടണല്‍ പോലെയാണ്. ഇതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. അതിനിടെ, സ്ഥലത്ത് മേയർ ആര്യരാജേന്ദ്രനെത്തി. നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലർ ഇതിനെ കാണുന്നുവെന്ന് മേയർ പ്രതികരിച്ചു. കരാർ എടുത്തവർ പറഞ്ഞത് ഇന്ന് ജോലി ഷെഡ്യൂള്‍ ചെയ്തിട്ടില്ല എന്നാണെന്നും മേയർ പറയുന്നു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കില്‍ പെട്ടെന്നാണ് സംശയം ഉയരുന്നത്. രണ്ട് ബംഗാള്‍ സ്വദേശിയും രണ്ട് മലയാളിയും ആണ് ജോലി ചെയ്തിരുന്നത്.