തിരുവനന്തപുരം: മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടിയെ തടഞ്ഞതിന് സമരക്കാർക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസെടുത്തത്. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ വിനോദിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന സമരക്കാർക്കെതിരെ കേസെടുത്തത്. ഇന്നലെ മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിനായി എത്തിയപ്പോഴാണ് മോട്ടോർ വെഹിക്കിള്‍ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി കൂടിയായ വിനോദ് വലിയതുറയുടെ മകളെ സമരക്കാർ തടഞ്ഞത്. അസഭ്യം പറയുകയും തടയുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയത്. തുടർന്ന് വലിയതുറ പൊലീസാണ് കേസെടുത്തത്.
10 ദിവസത്തിനിടെ ആദ്യമായാണ് ഇന്നലെ മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടന്നത്. പരീക്ഷക്കായി കൊണ്ടുവന്ന വാഹനത്തിന്‍റെ പിൻഭാഗം അപകടത്തില്‍പ്പെട്ട നിലയിലായിരുന്നു. റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാള്‍ക്ക് ടെസ്റ്റ് നടത്തുവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സംഘർഷത്തിനിടെ പെണ്‍കുട്ടിയെയും ഇരുചക്ര വാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടു പേരെയും പൊലീസ് അകത്തേക്ക് കയറ്റിവിട്ടു. പൊലീസ് കാവലിലാണ് മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് നടത്തിയത്. കാറിന്‍റെ എച്ച് ടെസ്റ്റില്‍ പെണ്‍കുട്ടി പരാജയപ്പെട്ടു. ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു. ടെസ്റ്റില്‍ പരാജയപ്പെട്ടവരെ തടഞ്ഞ് കൂകി വിളിച്ചുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധിച്ചത്.