തിരുവനന്തപുരം: കുവൈത്തില്‍ ഫ്ളാറ്റിലുണ്ടായ ദുരന്തത്തില്‍ തിരുവനന്തപുരം സ്വദേശിയ്ക്കും ദാരുണാന്ത്യം. വലിയമല സ്വദേശിയായ അരുണ്‍ ബാബുവാണ് മരിച്ചത്. അരുണ്‍ ബാബുവിന്റെ മരണം എൻബിടിസി അധികൃതരാണ് വീട്ടുകാരെ അറിയിച്ചത്. കമ്ബനിയില്‍ പർച്ചേസറായി ജോലി ചെയ്തുവരികയായിരുന്നു അരുണ്‍ ബാബു. വിരലടയാളം വെച്ചാണ് അരുണ്‍ ബാബുവിന്റെ മരണം തിരിച്ചറിഞ്ഞത്. 7 മാസം മുമ്പാണ് അരുണ്‍ കുവൈത്തില്‍ പോയതെന്ന് കുടുംബം പറയുന്നു. ‘ഇന്നലെ മുതല്‍ മകനെ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് കുടുംബം കമ്ബനിയില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. ഇന്ന് രാവിലെ മകന്റെ മൃതദേഹം മോർച്ചറിയില്‍ കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു. ഇത് സ്ഥിരീകരിച്ച് കമ്ബനിയും വീട്ടിലേക്ക് വിളിക്കുകയായിരുന്നു’.-അരുണ്‍ ബാബുവിന്റെ അമ്മ പറഞ്ഞു.
മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും അമ്മ പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂർ വയക്കര സ്വദേശി നിധിനും ഉള്‍പ്പെടുന്നു. 26 കാരനായ നിധിൻ കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് വർഷമായി കുവൈത്തിലാണ് നിധിൻ. ജനുവരിയില്‍ നാട്ടില്‍ വന്നു മടങ്ങിയതായിരുന്നു. നേരത്തെ, കോട്ടയം സ്വദേശി ഷിബു വർഗീസും ചാവക്കാട് സ്വദേശി ബിനോയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍. ഇന്ന് തന്നെ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നാണ് വിവരം.