തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രിയുടെ ജൂണ്‍ 15നെന്ന ഉറപ്പും വെറും വാക്കായി. തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് റോഡ് നിർമ്മാണം ഇന്നും പൂർത്തിയായിട്ടില്ല. നഗരത്തിലെ മിക്ക റോഡുകളിലും ഇനിയും പണി ബാക്കിയാണ്. ഭൂരിഭാഗം റോഡുകളിലെയും ഓട നിർമ്മാണം പാതിവഴിയിലാണ്. പണി ഒരുപാട് ബാക്കിയാണ്. വലിയകുഴികള്‍ ഇനിയും അടക്കാനുണ്ട്. പൂർണ്ണതോതില്‍ ഗതാഗതം തുടങ്ങാൻ ഒരുപാട് സമയം ഇനിയും സമയം എടുക്കും. അട്ടക്കുളങ്ങര – കിള്ളിപ്പാലം റോഡ്, അട്ടക്കുളങ്ങരയില്‍ നിന്ന് ചാല മാർക്കറ്റിലേക്കുള്ള റോഡ്, എം ജി രാധാകൃഷ്ണൻ റോഡ്, ഇവിടെയെല്ലാം പണി പാതി വഴിയിലാണ്. വഞ്ചിയൂർ ജനറല്‍ ആശുപത്രി റോഡില്‍, വഞ്ചിയൂർ കോടതി മുതലുള്ള ഭാഗത്ത് ഓടയുടെ പണി ഇനിയും തീർന്നിട്ടില്ല. മറ്റ് റോഡുകളില്‍ ആദ്യ ഘട്ട ടാറിംഗ് മാത്രമാണ് പൂർത്തിയായത്.
പ്രഖ്യാപിച്ച സമയ പരിധിക്കുള്ളിലും റോഡ്പണി തീർക്കാനാകാത്തത് പൊതുജനത്തിന്റെ ദുരിതം ബാക്കിയാക്കുകയാണ്. ഓവർ ബ്രിഡ്ജ് – ഉപ്പിടാം മൂട്, ജനറല്‍ ആശുപത്രി ജങ്ഷൻ – വഞ്ചിയൂർ റോഡിന്റെ ഒരു ഭാഗം, തൈക്കാട് ശാസ്താ ക്ഷേത്രം റോഡ് എന്നിവടങ്ങളില്‍ കാല്‍നട പോലും അസാധ്യമാണ്. ഇതിനിടെ മേട്ടുക്കട ജംഗ്ഷനില്‍ റോഡ് നിർമാണത്തിനിടെ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി, ജലവിതരണം മുടങ്ങി. വെള്ളം റോഡിലേക്ക് ഒഴുകി ഗതാഗത കുരുക്കുമുണ്ടായി. സമയപരിധി തീരുമ്പോള്‍ ഇനി സ്മാർട്ട് സിറ്റി അധികൃതർ പറയുന്നത് എന്താണെന്നാണ് അറിയേണ്ടത്. ഒപ്പം, കാത്തിരിക്കാം പുതിയ സമയപരിധിക്കായി.