തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടം വെട്ടുറോഡില്‍ ഇന്നലെയുണ്ടായ ടിപ്പറപകടത്തിന്റെ കാരണം അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണെന്ന് പ്രാഥമിക നിഗമനം. വിഴിഞ്ഞത്ത് കരിങ്കല്ല് ഇറക്കി തിരികെ വന്ന ടിപ്പർ പെട്ടെന്ന് ഇടത്തേക്ക് തിരിച്ച് സ്കൂട്ടറില്‍ തട്ടുകയായിരുന്നു. സ്കൂട്ടറില്‍ നിന്നും തെറിച്ച് വീണ അദ്ധ്യാപികയായ പെരുമാതുറ സ്വദേശി റുക്സാന തല്ക്ഷണം മരിച്ചിരുന്നു. കഴക്കൂട്ടം ഭാഗത്ത് നിന്ന് ബന്ധുവിനൊപ്പം കണിയാപുരത്തേക്ക് പോകുകയായിരുന്നു പെരുമാതുറ സ്വദേശി റുക്സാന. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന് പുറകിലിരുന്ന റുക്സാന റോഡിലേക്ക് തെറിച്ച് വീണ് ലോറിക്കടിയില്‍ പെട്ടു. ലോറിയുടെ പിന്‍ ടയറുകള്‍ റുസ്കാനയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം കണ്ടുനിന്ന നാട്ടുകാര്‍ നിലവിളി കൂട്ടിയപ്പോഴാണ് ഡ്രൈവര്‍ അപകട വിവരം അറിയുന്നത്. ലോറി പുറകോട്ടെടുത്താണ് റുക്സാനയെ പുറത്തെടുത്തത്.
നേരത്തെ വിഴിഞ്ഞത്ത് കല്ലുമായി പോയ ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീണ് ബിഡിഎസ് വിദ്യാർഥി മരിച്ചിരുന്നു. പനവിള ജങ്ഷനിലെ അപകടത്തില്‍ അധ്യാപകന്റെ മരണവും ടിപ്പറിന്റെ അമിതവേഗം തന്നെയെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നഗരത്തില്‍ ടിപ്പറുകള്‍ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും വേണ്ടത്ര പരിശോധന നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കേയാണ് വീണ്ടും അപകടം സംഭവിച്ചത്. ഇതിനു പിന്നാലെ ടിപ്പറുകള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കാൻ ഗതാഗത മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശംനല്‍കിയിരുന്നു. സ്പീഡ് ഗവർണർ സ്ഥാപിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നല്‍കാൻ ട്രാൻസ്പോർട്ട് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു. വിദേശ യാത്രയ്ക്ക് മുമ്ബ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് മന്ത്രിക്ക് ഇതുവരെ കൈമാറിയിട്ടില്ല. അപകടം കൂടി നടന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകാനും സാധ്യതയുണ്ട്.